ആറു നൂറ്റാണ്ടു മുമ്പ് വെള്ളപ്പൊക്കത്തിലുണ്ടായ ഒരു ദ്വീപിലേക്ക്
by Tech Travel Eatവിവരണം – ഡോ. മിത്ര സതീഷ്.
ആറു നൂറ്റാണ്ട് മുമ്പ് വെള്ളപ്പൊക്കത്തില്‍ കൊച്ചി അഴിമുഖം രൂപപ്പെട്ട സമയത്തുണ്ടായ ദ്വീപ്… ‘ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍’ എന്ന് പരസ്യത്തില്‍ കേട്ടിട്ടില്ലേ.. അതുപോലെയാണ് കടമകുടിയിലേക്കുള്ള എന്റെ യാത്രകള്‍.. ഓരോ പ്രാവശ്യവും അവിടെ പോകാന്‍ ഓരോരോ കാരണങ്ങളാണ്. എത്ര തവണ പോയാലും ഒരിക്കലും മടുപ്പു തോന്നാത്തത്ര മനസ്സുഖം തരുന്ന കാഴ്ചകള്‍ ഒരുക്കി വെച്ചിട്ടുണ്ടവിടെ. അതുകൊണ്ട്തന്നെ കൊച്ചിയില്‍ താമസിക്കുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലമാണ് കടമക്കുടി.
ഒറ്റയ്ക്കിരുന്നു പ്രകൃതി ആസ്വദിക്കാന്‍, കൂട്ടുകാരുമൊത്ത് കളി പറഞ്ഞിരിക്കാന്‍, വീട്ടുകാരുമൊത്ത് സായാഹ്നം ചിലവിടാന്‍, പടം പിടിക്കാന്‍, മീന്‍ പിടിക്കാന്‍, സൂര്യാസ്തമയം കാണാന്‍, പക്ഷികളെ നിരീക്ഷിക്കാന്‍, പ്രഭാത സവാരി നടത്താന്‍, സൂര്യോദയം കാണാന്‍ അങ്ങനെ പല പല കാരണങ്ങള്‍..
നീണ്ട യാത്രകള്‍ക്ക് ഒരു അര്‍ധവിരാമം കൊടുത്തിരുന്ന സമയത്താണ് അവസാനമായി കടമകുടിയില്‍ പോയത്. യാത്രകള്‍ പോകാന്‍ പറ്റാതെ മനസ്സ് അസ്വസ്ഥമായി തുടങ്ങിയപ്പോ തന്നെ റോസയെയും കൂട്ടി കടമക്കുടിക്ക് വിട്ടു. പോകുന്ന വഴിക്ക് റോസക്ക് വേണ്ട ഡീസല്‍ അടിക്കാന്‍ മറന്നില്ല.
ചതുരാകൃതിയിലുള്ള ചെമ്മീന്‍ കെട്ടുകള്‍ക്കിടയിലൂടെ വളഞ്ഞു പോകുന്ന നല്ല വൃത്തിയും വെടിപ്പുമുള്ള കുഞ്ഞു റോഡുകള്‍, റോഡിന് കുറുകേ കുഞ്ഞന്‍ പാലങ്ങളും ഒക്കെ എന്നത്തേയും പോലെ സ്വപ്‌നത്തിലെന്നപോലെയുള്ള ഡ്രൈവിംഗ് അനുഭവങ്ങള്‍ തന്നെയാണ് ഇത്തവണയും സമ്മാനിച്ചത്.
ആദ്യം തന്നെ അവിടെ റോഡ് അരികിലുള്ള എന്റെ ചങ്ക് ബെഞ്ചിന്റെ അടുത്ത് റോസയെ ഒതുക്കി നിര്‍ത്തി. കൊച്ചു കൊച്ചു വിഷമങ്ങള്‍ വരുമ്പോള്‍ ആ മരച്ചുവട്ടില്‍ ഉള്ള ബഞ്ചിലിരുന്ന്, തണുത്ത കാറ്റും കൊണ്ട് , മുന്നിലെ കാഴ്ചകളും കണ്ടിരിക്കുമ്പോള്‍ വിഷമമെല്ലാം പമ്പ കടക്കും. പതിവ് പോലെ അവിടെ കുറച്ചു നേരം ഇരുന്നപ്പോള്‍ മനസ്സ് ശാന്തമായി.
പിന്നെ മെല്ലെ നടന്നു അടുത്തുള്ള പാലത്തില്‍ നിന്ന് പുഴയിലൂടെ ചെറുവഞ്ചികള്‍ കടന്നു പോകുന്നത് നോക്കി നിന്നു. പുഴവക്കത്തുള്ള മരങ്ങളുടെ പ്രതിബിംബം വെള്ളത്തില്‍ പതിഞ്ഞു കാണാന്‍ രസമാണ്. അവിടവിടെ ആളുകള്‍ ചൂണ്ട ഇട്ടു മീന്‍ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു.
അവിടന്ന് പതുക്കെ വരമ്പത്ത് കൂടി നടന്നു. വൈകിട്ടത്തെ ഇളം വെയിലില്‍ പാടങ്ങളുടെയും പുഴയുടെയും ഒക്കെ അരികിലൂടെ നടക്കുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയാണ്. എങ്ങോട്ട് തിരിഞ്ഞാലും ജലച്ചായ ചിത്രങ്ങള്‍ക്ക് സമാനമായ ക്യാന്‍വാസ് ആണ് തെളിഞ്ഞു വരിക. അതുകൊണ്ട് തന്നെയായിരിക്കും സിനിമകള്‍ക്കും, മ്യൂസിക് ആല്‍ബങ്ങള്‍ക്കും, ന്യൂജെന്‍ വെഡ്ഡിംഗ് ഷൂട്ടിഗിനുമൊക്കെയായിട്ട് ധാരാളം ആളുകള്‍ ഇവിടെ എത്തുന്നത്.
മെട്രോ സിറ്റിക്ക് അടുത്ത് ഇത്രയും പ്രകൃതി രമണീയമായ ഒരു സ്ഥലമുണ്ടെന്നത് അത്ഭുതമാണ്. പ്രകൃതിയെ കൊല്ലുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും വരാത്തതുകൊണ്ട് കടമക്കുടി ഇന്നും ഒരു ഗ്രാമീണ സുന്ദരിയായി തന്നെ ആളുകളെ ആകര്‍ഷിക്കുന്നു. ആളുകളെ മാത്രമല്ല പല ഇനം ദേശാടന പക്ഷികളുടെ ഒരു സ്ഥിരം താവളം കൂടിയാണ് കടമക്കുടി. വെള്ളം വറ്റി കിടന്ന ചെമ്മീന്‍ കെട്ടുകളില്‍ അന്നും ധാരാളം ദേശാടന പക്ഷികള്‍ ചിക്കി പെറുക്കി നില്‍പുണ്ടായിരുന്നു.
കുറച്ചു നടന്നപ്പോള്‍ ജോസഫേട്ടന്‍ ബീഡിയും വലിച്ച് ചൂണ്ടയിട്ടിരുപ്പുണ്ടായിരുന്നു. എപ്പോള്‍ കടമക്കുടി ചെന്നാലും പുള്ളിയെ എവിടേലും ഒക്കെ വച്ച് കണ്ട് മുട്ടും. കുറച്ചു നേരം നാട്ടു വിശേഷം പറഞ്ഞിരുന്നു. പണ്ടത്തെ പോലെ പൊക്കാളി കൃഷി നടക്കാത്തതിലുള്ള സങ്കടം പുള്ളി പങ്കുവെച്ചു. പണ്ട് കൃഷിയും, ചെമ്മീന്‍ വളര്‍ത്തലും മാറി മാറി ചെയ്തിരുന്നു. പക്ഷേ നഷ്ടത്തില്‍ ആയതോടെ കൃഷി ചെയ്യുന്നത് പലരും നിര്‍ത്തി. കഴിഞ്ഞ കൊല്ലം വീണ്ടും ചില ഇടങ്ങളില്‍ കൃഷി ഇറക്കിയെങ്കിലും വിജയിച്ചില്ല. ഇത്തവണയും ഇറക്കും എന്നും ഗ്രാമത്തില്‍ പണ്ടുണ്ടായിരുന്ന പാടങ്ങളുടെ ഹരിതാഭ തിരിച്ചു വരുമെന്നും വളരെ പ്രതീക്ഷയോടെ പുള്ളി സംസാരിച്ചു.
തിരിച്ച് റോസയെയും കൂട്ടി റോഡിന്റെ അറ്റത്തുള്ള കടവിലേക്ക് പോയി. പോകുന്ന വഴിക്ക് ഗ്രാമത്തിലെ കുഞ്ഞു വീടുകളും, പെട്ടിക്കടകളും, റോഡ് അരികില്‍ സൊറ പറഞ്ഞിരിക്കുന്ന നാട്ടുകാരും എല്ലാം നമ്മളെ പത്തിരുപത് കൊല്ലം പിറകിലോട്ട് കൂട്ടികൊണ്ട് പോകും. മീന്‍ പിടുത്തവും, കള്ള് ചെത്തും, താറാവ് വളര്‍ത്തലും ഒക്കെയാണ് ഇവരുടെ പ്രധാന തൊഴിലെങ്കിലും ഇപ്പൊ ഇവിടുന്ന് ഒത്തിരി ആളുകള്‍ സിറ്റിയില്‍ ജോലിക്ക് പോകാറുണ്ട്.
വൈകിട്ട് കടവില്‍ പോയിരുന്നാല്‍ ധാരാളം വഞ്ചികള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതുകാണാം. ഇവിടത്തെ ജങ്കാറില്‍ കയറിയാല്‍ പുഴക്ക് മറുവശമുള്ള പിഴലയില്‍ എത്താം. പിഴലയിലാണ് വില്ലേജ് ഓഫീസും, ഡിസ്‌പെന്‍സറിയും, ബാങ്കും മറ്റും സ്ഥിതി ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ കടമകുടിക്കാരുടെ സിറ്റി ആണ് പിഴല! കുറച്ചു നേരം അവിടെ നിന്ന് ജങ്കാറിന്റെ അക്കരക്കും ഇക്കരക്കും ഉള്ള യാത്രകള്‍ നോക്കി നിന്നു. ഈ കടവില്‍ രാവിലെ ഒരു നാലരമണിക്ക് ഒക്കെ് എത്തിയാല്‍ നല്ല ഫ്രഷ് മീന്‍ വാങ്ങാന്‍ പറ്റും. ആ സമയത്താണ് വൈകിട്ട് മീന്‍ പിടിക്കാന്‍ പോകുന്നവര്‍ തിരികെ എത്തുന്നത്.
ഇവിടെ തൊട്ടടുത്തുള്ള ഷാപ്പില്‍ രുചികരമായ ഭക്ഷണം ലഭിക്കും. ഇവിടുത്തെ ഞണ്ട് കറിയും, കക്ക ഇറച്ചിയും ഒക്കെ പേര് കേട്ടതാണ്. ഒറ്റക്കായതുകോണ്ട് എന്നതിനാല്‍ ഞാന്‍ അങ്ങോട്ട് കയറിയില്ല. അടുത്ത ലക്ഷ്യം സൂര്യാസ്തമയം കാണുക എന്നതായിരുന്നു. കൊച്ചിയിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയങ്ങളിള്‍ ഒന്ന് കടമക്കുടിയില്‍ നിന്നാണെന്നതിന് തര്‍ക്കമില്ല.
സൂര്യാസ്തമയം കാണാന്‍ പല വ്യൂ പോയിന്റ് ഉണ്ട്. ഓരോന്നും വ്യത്യസ്തമായ അനുഭവം ആണ് തരിക. അവിടത്തെ കുട്ടികള്‍ മനോഹരമായ പടം വരച്ചു വെച്ചിട്ടുള്ള പാലമാണ് സൂര്യാസ്തമയം കാണാന്‍ ഏറ്റവും അനുയോജ്യം. ചില വിദേശി സുഹൃത്തുക്കള്‍ വരുമ്പോള്‍ അവര്‍ക്ക് ഇഷ്ടം ചീനവലകള്‍ ഉള്ളിടത്ത് പോയി സൂര്യാസ്തമയം കാണാനാണ്. ഞാന്‍ ഏതായാലും പാലത്തിന്റെ അടുത്ത് വണ്ടി ഒതുക്കി സൂര്യാസ്തമയം കണ്ടൂ.
സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞപ്പോള്‍ ഞാന്‍ റോസയെ എടുത്ത് തിരികെ പോന്നു. പോകുന്ന വഴിക്ക് സെമിത്തേരിക്ക് അടുത്തുള്ള തുറസായ സ്ഥലത്തെത്തിയപ്പോള്‍ ആകാശത്ത് നിറങ്ങളുടെ വിസ്മയം. റോസയെ ഒതുക്കി അവിടെ ഇറങ്ങി വീണ്ടും കുറച്ച് പടം പിടിച്ചു.
അവിടെ കെട്ടിയിരുന്ന പോത്തുകള്‍ സംശയ ദൃഷ്ടിയോടെ എന്നെ നോക്കിയെങ്കിലും അവരുടെ അലസത വിട്ട് എഴുന്നേല്‍ക്കാന്‍ ഒന്നും മിനക്കെട്ടില്ല. പക്ഷെ അടുത്ത വീട്ടിലെ പട്ടിയുടെ കുരയിലും നില്‍പ്പിലും ഒരു പന്തികേട് മണത്തതുകൊണ്ട് ഞാന്‍ വേഗം സ്ഥലം കാലിയാക്കി. അങ്ങനെ കടമക്കുടിയിലെ ഒരു മനോഹര സായാഹ്നത്തിന് കൂടി സാക്ഷ്യം വഹിക്കാന്‍ എനിക്കും റോസക്കും പറ്റിയതില്‍ വല്ലാത്തൊരു നിര്‍വൃതി തോന്നി.
നിങ്ങള് പ്രകൃതിയെ സ്‌നേഹിക്കുന്നവെങ്കില്‍, ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നുവെങ്കില്‍, ഗ്രാമാന്തരീക്ഷം കൊതിക്കുന്നുവെങ്കില്‍.. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് എന്റെ പ്രിയപെട്ട കടമക്കുടി. നിങ്ങള്‍ ഏവരും കടമക്കുടിയെ കാണാന്‍ വരും എന്ന പ്രതീക്ഷയില്‍ ഞാന്‍ നിര്‍ത്തുന്നു.
കുറിപ്പ് – ഇടപ്പള്ളി താലൂക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി. പതിനാലോളം ദ്വീപുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അറുനൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളപ്പൊക്കത്തില്‍ കൊച്ചി അഴിമുഖം രൂപപ്പെട്ട സമയത്ത് ആണ് ഈ ദ്വീപും ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. ദ്വീപ് സമൂഹങ്ങളില്‍ ടൂറിസത്തിനു പേരുകേട്ടത് പിഴല ദ്വീപാണെങ്കിലും, സായാഹ്നം ചിലവിടാനും കാറില്‍ പോകാനും ഒക്കെ ഏറ്റവും സൗകര്യം വലിയ കടമക്കുടി ദ്വീപാണ്.
ഇടപ്പള്ളി ലുലു മാള്‍ നിന്നും 8 കി.മീ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ വരാപ്പുഴ പാലം എത്തും. പാലം കഴിഞ്ഞു ആദ്യത്തെ ഇടത്തോട്ടുള്ള വഴിയില്‍ 6 കി.മീ യാത്ര ചെയ്താല്‍ ഇവിടെ എത്താം. ആലുവ നിന്നും ഇവിടേക്ക് കെഎസ്ആര്‍ടിസി ബസ് ഓടുന്നുണ്ട്. വരാപ്പുഴ നിന്നും ബസ് സര്‍വ്വീസ് ഉണ്ട്. സ്വന്തം വാഹനത്തില്‍ പോകുന്നതാണ് കാഴ്ചകള്‍ കാണാന്‍ ഏറ്റവും സൗകര്യപ്രദം. കുഞ്ഞു ചായക്കടകളും, കള്ള് ഷാപ്പ് ഒക്കെയാണ് ആഹാരത്തിനുള്ള ആശ്രയം.