പാതാൾ ലോക് വിവാദം : അനുഷ്‌കയെ ഉപേക്ഷിക്കണമെന്ന് കോഹ്‌ലിയോട് ബിജെപി എംഎൽഎ
by വെബ് ഡെസ്ക്ലഖ്നൗ
അനുഷ്‌ക ശർമയിൽനിന്ന് വിവാഹമോചനം നേടണണമെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോട് ബിജെപി എംഎൽഎ. പാതാൾ ലോക് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ കോലിയോട് ബിജെപി എംഎൽഎ നന്ദകിഷോർ ഗുജ്റാൾ ആവശ്യപ്പെട്ടത്.
അനുഷ്‌ക നിര്‍മിച്ച പാതാള്‍ ലോക് കുറച്ചുദിവസംമുമ്പാണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. പാതാൾ ലോക് മതസൗഹാർദത്തെ തകർക്കുന്നുവെന്ന് ഗുജ്‌റാൾ ആരോപിച്ചു. സീരീസിൽ ബാലകൃഷ്‌ണ ബാജ്പേയി അവതരിപ്പിക്കുന്ന കഥാപാത്രം ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രംഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ഗുജ്റാളുമുണ്ട്. യോഗി ആദിത്യനാഥിനൊപ്പം ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടനദൃശ്യം മോർഫ് ചെയ്‌താണ് സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്‌തതെന്ന് ഗുജ്റാൾ ആരോപിക്കുന്നു.
വെബ് സീരീസ് ശ്രദ്ധ നേടിയപ്പോൾതന്നെ അനുഷ്‌കയ്ക്കെതിരെ പരാതിയുമായി ഗുജ്റാൾ രംഗത്ത് വന്നിരുന്നു. കോഹ്‌ലി അനുഷ്‌കയെ ഉപേക്ഷിക്കണം. അതിലൂടെ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം–-ഇതായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഗുജ്റാൾ പറഞ്ഞത്.
വെബ്‌സീരീസ് പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎൽഎ കത്തെഴുതിയിരുന്നു. പാതാൾ ലോക് കുറ്റാന്വേഷണ കഥയാണ്. ജയ്‌ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ.