https://www.deshabhimani.com/images/news/large/2020/05/00ncp-869742.jpg

മഹാരാഷ്ട്രയിൽ രാഷ്‌ട്രീയക്കളി ; സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം

by

ന്യൂഡൽഹി
കോവിഡ്‌ വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം തുടങ്ങിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറേയുമായി കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയായ മാതോശ്രീയിൽ കൂടിക്കാഴ്‌ച ഒന്നരമണിക്കൂർ നീണ്ടു. സഖ്യസർക്കാർ ശക്തമായി മുന്നോട്ടുപോകുമെന്ന്‌ പവാർ പ്രതികരിച്ചു. അതേസമയം, മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ പ്രധാനകക്ഷിയല്ലെന്നും സർക്കാരിനു പിന്തുണ നൽകുക മാത്രമാണ്‌ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ഡൽഹിയിൽ പറഞ്ഞു. സഖ്യകക്ഷികൾ തമ്മിലുള്ള അവിശ്വാസത്തിനു തെളിവാണ്‌ രാഹുൽ ഗാന്ധിയുടെ വാക്കുകളെന്ന്‌ ബിജെപി പ്രതികരിച്ചു.

രോഗവ്യാപനം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ച്‌ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെയാണ്‌ അട്ടിമറിനീക്കം. സമൂഹമാധ്യമങ്ങൾ വഴി കുപ്രചാരണവും തുടങ്ങി. സർക്കാരിന്റെ പ്രവർത്തനത്തിൽ പവാർ അസ്വസ്ഥനാണെന്നും പ്രചാരണമുണ്ട്‌. ഗവർണർ ബി എസ്‌ കോശ്‌യാരിയെ പവാർ സന്ദർശിച്ചതോടെ അഭ്യൂഹം ശക്തമായി. ഇതേതുടർന്നാണ്‌ പവാർ ഉദ്ധവിനെ കണ്ടത്‌.

കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ മഹാരാഷ്ട്ര സർക്കാരിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചു. ചൊവ്വാഴ്‌ച 145 ട്രെയിൻ അനുവദിച്ചിട്ടും 13 എണ്ണം മാത്രമാണ്‌ ഓടിക്കാനായതെന്നും മഹാരാഷ്ട്ര സർക്കാർ യാത്രക്കാരുടെ വിവരങ്ങൾ കൈമാറാത്തതാണ്‌ പ്രശ്‌നമെന്നും ഗോയൽ പറഞ്ഞു. ശ്രമിക്‌ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ മഹാരാഷ്ട്ര താൽപ്പര്യം കാണിക്കുന്നില്ലെന്ന്‌ ഗോയൽ മുമ്പ്‌ ആരോപിച്ചു. ട്രെയിനുകൾ നിർദിഷ്ട കേന്ദ്രത്തിൽ എത്തിക്കാനാണ്‌ ഗോയൽ ശ്രമിക്കേണ്ടതെന്ന്‌ ശിവസേന തിരിച്ചടിച്ചു. യുപിയിലേക്ക്‌ പോയ ട്രെയിൻ ഒഡിഷയിൽ എത്തിയത്‌ മന്ത്രി അറിഞ്ഞില്ലേയെന്ന്‌ ശിവസേന വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ ചോദിച്ചു.