23 വയസുകാരി പങ്കാളിയെ കൊന്ന്‌ സ്യൂട്ട്‌കേസിലാക്കി; കൂട്ടുകാരിയുമായി യുവാവ്‌ നാടുവിട്ടു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398756/murder.jpg

ഡെറാഡൂണ്‍: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന്‌ സ്യൂട്ട്‌കേസിലാക്കിയശേഷം യുവാവ്‌ പങ്കാളിയുടെ കൂട്ടുകാരിയുമായി നാടുവിട്ടു. ഹരിദ്വാറിലാണു സംഭവം.

ബിഹാറിലെ വൈശാലി സ്വദേശിയായ 26 വയസുകാരനാണ്‌ പങ്കാളിയായ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള 23 വയസുകാരിയെ കൊലപ്പെടുത്തിയത്‌. ഇതിനുശേഷം യുവതിയുടെ കൂട്ടുകാരിയുമായി ഇയാള്‍ നാടുവിട്ടതായി പോലീസ്‌ പറഞ്ഞു. യുവാവും കൊല്ലപ്പെട്ട യുവതിയും ഹരിദ്വാറില്‍ ഒരേ കമ്പനിയിലാണ്‌ ജോലിചെയ്‌തിരുന്നത്‌. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്ന്‌ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഞായറാഴ്‌ച അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചു. പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ സ്യൂട്ട്‌കേസില്‍നിന്ന്‌ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്‌. വെള്ളിയാഴ്‌ചയാണു കൊലപാതകം നടന്നതെന്നാണു പോലീസിന്റെ നിഗമനം.

യുവതിയുടെ കൂട്ടുകാരിയുമായി യുവാവ്‌ അടുത്തത്‌ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഇതേച്ചൊല്ലി വഴക്കും പതിവായിരുന്നെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു. യുവാവിനെയും യുവതിയുടെ കൂട്ടുകാരിയെയും കണ്ടെത്താന്‍ പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.