https://www.deshabhimani.com/images/news/large/2020/05/00ind3-869750.jpg
ജബൽപുർ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരൻ അതിഥിത്തൊഴിലാളികൾക്ക്‌ കുടിക്കാനായി കുപ്പിയിൽ വെള്ളം നിറച്ച്‌ കൊടുക്കുന്നു. േഫാട്ടോ: പിടിഐ

ഭക്ഷണം, താമസം, യാത്ര സർക്കാർ ഏർപ്പാടാക്കണം ; അതിഥിത്തൊഴിലാളികൾക്കുവേണ്ടി സുപ്രീംകോടതി

by

ന്യൂഡൽഹി
അടച്ചുപൂട്ടലിൽ‌ പ്രതിസന്ധിയിലായ അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങൾ പരിഹരിക്കാൻ സുപ്രീംകോടതി ഇടപെടൽ. ഭക്ഷണവും പാർപ്പിടവും യാത്രാസൗകര്യവും സൗജന്യമായി ഏർപ്പാടാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ നടപടി തുടങ്ങുകയാണെന്നും‌ കോടതി അറിയിച്ചു. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ്‌ അയക്കാൻ കോടതി‌ നിർദേശിച്ചു.

‘‘അതിഥിത്തൊഴിലാളികളുടെ ദുരിതം തുടരുകയാണെന്നുതന്നെയാണ്‌ കോടതി മനസ്സിലാക്കുന്നത്‌. തൊഴിലാളികളിൽ ഭൂരിഭാഗവും ഇപ്പോഴും റോഡുകളിലും റെയിൽവേ പാളങ്ങളിലും അതിർത്തികളിലും കുടുങ്ങിക്കിടക്കുകയാണ്‌. അവരുടെ ദുരിതങ്ങൾ വിവരിച്ചുകൊണ്ടുള്ള നിരവധി കത്തുകളും നിവേദനങ്ങളും കോടതിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ കോടതി ഈ വിഷയത്തിൽ സ്വമേധയാ നടപടികൾ തുടങ്ങുകയാണ്‌’’–- ജസ്റ്റിസുമാരയ സഞ്‌ജയ്‌ കിഷൻ കൗൾ, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു. വ്യാഴാഴ്‌ചതന്നെ വിഷയത്തിൽ വാദംകേൾക്കാൻ കോടതി തീരുമാനിച്ചു‌. കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയോട്‌‌ കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരുകളുടെ അഭിഭാഷകർ സ്വീകരിച്ച നടപടി വിശദീകരിക്കണം. അതിഥിത്തൊഴിലാളികളുടെ കണ്ണീരൊപ്പാൻ പരമോന്നത കോടതി ഇടപെടുന്നില്ലെന്ന വിമർശം ശക്തമായ സാഹചര്യത്തിലാണ്‌ സ്വമേധയാ നടപടി തുടങ്ങിയത്‌.