പണം നല്‍കിയാല്‍ കെപിസിസി പദവി ; ജനറൽ സെക്രട്ടറിക്ക് 25 ലക്ഷം, സെക്രട്ടറിക്ക് 10 ലക്ഷം
by വെബ് ഡെസ്ക്സ്വന്തം ലേഖകൻ
കെപിസിസി ഭാരവാഹികളാക്കാൻ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആക്ഷേപത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം പുകയുന്നു. കെപിസിസി സമർപ്പിച്ച സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡ് നിരസിച്ചു. മൂന്ന് ജനറൽ സെക്രട്ടറിമാരുടെയും 84 സെക്രട്ടറിമാരുടെയും പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. തലസ്ഥാനത്തെ വ്യവസായിയെ 25 ലക്ഷം രൂപവാങ്ങി ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തിയെന്നും, കൊല്ലത്തെ പ്രമുഖനെ സെക്രട്ടറിയാക്കാൻ പത്ത് ലക്ഷം രൂപ വാങ്ങിയെന്നുമാണ് ആരോപണം. വ്യാപക പരാതി ഉയർന്നതോടെയാണ് ഹൈക്കമാൻഡ് ഇടപെടൽ.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നാലുമാസം നീണ്ട ചർച്ചയ്‌ക്കുശേഷമാണ് സെക്രട്ടറിമാരായി 84 പേരുടെ ലിസ്റ്റ് നൽകിയത്. ഇതിനു പുറമെ മൂന്ന് ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റിനെയും നിർദേശിച്ചു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും നിലവിലുണ്ട്.
പട്ടിക അയച്ചതിനു പിന്നാലെ പരാതിയും പ്രവഹിച്ചു. അഴിമതിക്കാരും സ്വഭാവദൂഷ്യമുള്ളവരും കച്ചവടക്കാരും പട്ടികയിലുൾപ്പെട്ടതായാണ് പരാതി. മുല്ലപ്പള്ളിയുടെ വിശ്വസ്‌തനായ വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഇടനിലക്കാരനായാണ് ഇടപാട് അരങ്ങേറിയതെന്നാണ് ആക്ഷേപം. തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകളും പതിച്ചു. ചിലർ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കെപിസിസി പ്രസിഡന്റിനെ നിയന്ത്രിക്കുകയാണെന്ന് എതിര്‍പക്ഷം പ്രചരിപ്പിക്കുന്നു.
ജനറൽ സെക്രട്ടറിമാർക്ക് ചുമതല നിശ്ചയിച്ച് മുല്ലപ്പള്ളി ഇറക്കിയ സർക്കുലർ എ–-ഐ ഗ്രൂപ്പുകളുടെ എതിർപ്പിൽ മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച വീണ്ടും കെപിസിസി രാഷ്‌ട്രീയകാര്യസമിതി ചേർന്നെങ്കിലും ഭാരവാഹിച്ചുമതല അടക്കമുള്ള തർക്കവിഷയം പരിഗണിച്ചില്ല. കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്ന രാഷ്ട്രീയകാര്യസമിതി തീരുമാനം ലംഘിച്ചതിനെതിരെ മുമ്പും വിമർശമുയർന്നിരുന്നു. ബിജെപി സ്ഥാനാർഥിയായ മോഹൻ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതിനെതിരെ കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. താമരയിൽ മത്സരിച്ചവർപോലും കെപിസിസി ഭാരവാഹികളായെന്നാണ് മുരളീധരൻ തുറന്നടിച്ചത്.