വാബി പറന്നുപോയി; പോസ്റ്റർ ഇറക്കി അന്വേഷണം
by സുജിത സുഹാസിനികൊച്ചി: ‘‘വാബി’ പോയതിനുശേഷം സണ്ണിക്ക് ഒന്നുംകഴിക്കാൻ താത്പര്യമില്ല. കൈയിലെടുത്തുവെച്ച് നിർബന്ധിച്ചാൽ എന്തെങ്കിലും കഴിച്ചാലായി. ഞങ്ങൾക്കവൻ മകനെപ്പോലെയായിരുന്നു’’. എടത്തല കുഴിവേലിപ്പടി തപസ്യ അപ്പാർട്ട്‌മെന്റിലെ അരവിന്ദ് രമണി അജയിയുടെ വാക്കുകളിൽ സങ്കടം. വളർത്തുതത്തയാണ് വാബി. സണ്ണി അതിന്റെ കൂട്ടുകാരനായ സൺ കോന്യർ ഇനത്തിൽപ്പെട്ട സൗത്ത് അമേരിക്കൻപക്ഷിയും. വാബിയെ കുറച്ചുദിവസമായി കാണാനില്ല.
കാണാതായ തത്തയെത്തേടി സമീപത്തുള്ള എല്ലാ വീടുകളിലും പോസ്റ്ററുമായി കയറിയിറങ്ങുകയാണ് അരവിന്ദും സുഹൃത്തായ അഭിലാഷ് ബാലചന്ദ്രനും. ടേക് ഓഫ്, ബി.ടെക് തുടങ്ങിയ സിനിമകളുടെ എഡിറ്ററായ അഭിലാഷ് ബാലചന്ദ്രനും അരവിന്ദും ചേർന്നായിരുന്നു വാബിയെ വളർത്തിയത്. ഭക്ഷണം നൽകാനായി കഴിഞ്ഞദിവസം കൂടുതുറന്നപ്പോൾ വാബി പറന്നുപോയി.
വാബിക്ക് നാൽപ്പതിനായിരം രൂപയോളം വിലവരും. എട്ടുമാസം പ്രായമുണ്ട്. രണ്ടുമാസംകൂടി കഴിഞ്ഞിരുന്നെങ്കിൽ സംസാരിച്ചുതുടങ്ങുമായിരുന്നുവെന്ന് ഇവർ പറയുന്നു. ബുദ്ധിശക്തിയേറിയ ഈയിനം തത്തകൾക്ക് സംസാരിച്ചുതുടങ്ങിയാൽ വില ഇനിയും ഉയരുമെന്നും അരവിന്ദ് പറഞ്ഞു.
മുട്ടവിരിഞ്ഞ് ഏഴുദിവസം പ്രായമുള്ളപ്പോഴാണ് വാബിയെ ഇവർക്ക് ലഭിക്കുന്നത്. സൃഹൃത്ത് വിദേശയാത്ര കഴിഞ്ഞുവരുമ്പോൾ സമ്മാനമായി നൽകിയതാണ്. പകൽ ഫ്ലാറ്റിനുള്ളിൽതന്നെയാണ് തത്ത കഴിഞ്ഞിരുന്നത്. രാത്രിയിൽമാത്രമാണ് കൂട്ടിലിട്ടിരുന്നത്.
വാബിക്ക് തിരിച്ചറിയൽ വളയമുണ്ട്. സമീപത്തെ പെറ്റ് ഷോപ്പുകളിലും മൃഗാശുപത്രികളിലും അറിയിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയും അന്വേഷണം പുരോഗമിക്കുന്നു.