ഭക്ഷണമില്ലാതെ ഏഴു പതിറ്റാണ്ട്; ഒടുവിൽ ‘ചുനരിവാല മാതാജി’ വിടവാങ്ങി

https://www.mathrubhumi.com/polopoly_fs/1.4787209.1590540079!/image/image.jpg_gen/derivatives/landscape_894_577/image.jpg

അഹമ്മദാബാദ് : എഴുപതു വർഷമായി വെള്ളവും ഭക്ഷണവും കഴിക്കാതെ ജീവിച്ചതായി അവകാശപ്പെടുന്ന ചുനരിവാല മാതാജിയെന്നറിയപ്പെടുന്ന പ്രഹ്ലാദ് ജനി (90) സമാധിയായി.

ബനസ്‌കന്ധയിലെ പ്രശസ്തമായ അംബാജി ക്ഷേത്രത്തിനു സമീപം ഒരു ഗുഹയിലായിരുന്നു താമസം. ജന്മനാടായ ഗാന്ധിനഗറിലെ ചരാഡയിലായിരുന്നു അന്ത്യം.

ഗുജറാത്തിൽ ഒട്ടേറെ ആരാധകരുള്ള ജനി ചെറുപ്പത്തിലേ വീടു വിട്ടതാണ്. അംബാജി ദേവിയുടെ ഭക്തനായ ഇദ്ദേഹം ദേവിയുടെ അനുഗ്രഹത്താൽ 76 വർഷം ആഹാരമോ ജലമോ കഴിക്കാതെ ജീവിച്ചെന്നാണ് ഭക്തർ പറയുന്നത്. 2003-ലും 2010-ലും വൈദ്യസംഘം ഇദ്ദേഹത്തെ പരിശോധിച്ചിരുന്നു. ഡി.ആർ.ഡി.ഒ.യുടെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് രണ്ടാഴ്ച ഇദ്ദേഹത്തെ നിരീക്ഷിച്ചു. പട്ടിണിയോടും ജലമില്ലായ്മയോടും അങ്ങേയറ്റം പൊരുത്തപ്പെടുന്ന ശരീരമാണ് ജനിയുടേത് എന്നായിരുന്നു ഇവരുടെ നിഗമനം.

ദേവീഭക്തിയുടെ സൂചനയായി സ്ഥിരമായി ചുവന്ന സാരി ശരീരത്തിൽ ചുറ്റിയിരുന്നതിനാൽ ചുനരിവാല മാതാജി എന്നാണറിയപ്പെട്ടിരുന്നത്. അംബാജിയിലെ ഗുഹയിൽ വ്യാഴാഴ്ച ഇദ്ദേഹത്തെ സമാധിയിരുത്തും.