തൊഴിലാളികൾക്ക് സുപ്രീംകോടതിയുടെ കരുതൽ; യാത്രയും താമസവും ഭക്ഷണവും സൗജന്യമാക്കണം

by
https://www.mathrubhumi.com/polopoly_fs/1.4329620.1575296828!/image/image.jpg_gen/derivatives/landscape_894_577/image.jpg
PTI File Photo

ന്യൂഡൽഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറുനാടൻ തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സൗജന്യമായി യാത്രാസൗകര്യവും താമസവും ഭക്ഷണവും നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിഷയത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ഉത്തരവ്.

കേന്ദ്രവും സംസ്ഥാനസർക്കാരുകളും തൊഴിലാളികൾക്കായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവയിൽ പോരായ്മകളുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ, ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളും മറുപടി നൽകണം.

കോവിഡ് അടച്ചിടലിനെത്തുടർന്ന് അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. ഭൂരിഭാഗം പരാതികളും നിവേദനമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ, തൊഴിലാളികൾ സ്വന്തം നാട്ടിലെത്താൻ കാൽനടയായും സൈക്കിളിലും യാത്രചെയ്യുന്നതിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്.

ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യം

“തൊഴിലാളികൾക്ക്‌ ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യമുണ്ട്. ഇവർക്ക്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര സഹായം വേണം. അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒട്ടേറെ കത്തുകളും നിവേദനങ്ങളും ലഭിച്ചു. റോഡുകളിലും സംസ്ഥാനാതിർത്തികളിലും റെയിൽവേസ്റ്റേഷനിലുമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്ക് അടിയന്തരമായി സൗജന്യ ഭക്ഷണവും താമസവും യാത്രാസൗകര്യവും ഒരുക്കണം”-സുപ്രീംകോടതി.

content highlights: provide transport, food and shelter free of cost to stranded migrant workers says supreme court