ജോസഫ് വൈദികനാകും: കുർബാന ഹൃദയത്തിന്റെ ഭാഷയിൽ

സംസാരിക്കാനും കേൾക്കാനും കഴിയാത്ത യുവാവ് വൈദികനാകുന്നു

by
https://www.mathrubhumi.com/polopoly_fs/1.4787210!/image/image.jpg_gen/derivatives/landscape_607/image.jpg
ഹോളിക്രോസ് സന്ന്യാസസഭയുടെ ബധിര-മൂകമിനിസ്ട്രിയുടെ ചുമതലയുളള ഫാ. ബിജു മൂലക്കരയ്ക്കൊപ്പം (ഇടത്) ബ്രദർ ജോസഫ് തേർമഠം

കൊച്ചി: കേൾക്കാനും സംസാരിക്കാനും കഴിയാത്ത യുവാവ് രാജ്യത്താദ്യമായി വൈദികനാകാനൊരുങ്ങുന്നു. ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ യേർക്കാട് നടന്നു. നാലുവർഷത്തിനുശേഷമുള്ള അന്തിമ വ്രതവാഗ്ദാനത്തിനുശേഷമാണ് വൈദികപട്ടം ലഭിക്കുക.

തൃശ്ശൂർ പേരാമംഗലം സ്വദേശിയായ ബ്രദർ ജോസഫ് തേർമഠമാണ് ഹോളിക്രോസ് (സി.എസ്.എസ്.) എന്ന സന്ന്യാസസഭയിൽ ചേർന്ന് വൈദികനാകുന്നത്. പൗരോഹിത്യം പഠനകാലത്തുതന്നെ ആഗ്രഹിച്ചിരുന്നെങ്കിലും പ്രായോഗികമാകുമോയെന്ന് സംശയിച്ചു. കാഴ്ചയില്ലാത്ത ഒരാൾ വൈദികനായ വാർത്തകേട്ടത് പ്രചോദനമായി.

സഹോദരനും ബാങ്കുദ്യോഗസ്ഥനായ സ്റ്റാലിൻ തേർമഠവും ബധിര-മൂകനാണ്. ഇരുവരും മുംബൈയിലാണ് പഠിച്ചത്. തുടർന്ന് പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള പഠനത്തിന് ജോസഫ് അമേരിക്കയ്ക്ക് പോയി. അവിടെ ഡൊമിനിക്കൻ മിഷനറീസ് ഫോർ ദി ഡെഫ് അപ്പൊസ്തലേറ്റിന്റെ കീഴിൽ ദൈവശാസ്ത്രവും ഫിലോസഫിയും പഠിച്ചാണ് തിരിച്ചെത്തിയത്. ആംഗ്യഭാഷയിലൂടെ നന്നായി ആശയവിനിമയം നടത്താൻ കഴിയും.

ഹോളിക്രോസ് സന്ന്യാസസഭയ്ക്ക് ബധിര-മൂകർക്കായി പ്രത്യേകം മിനിസ്ട്രിയുണ്ട്. ഇതിന് നേതൃത്വം നൽകുന്ന ഫാ. ബിജു മൂലക്കരയെ ജോസഫ് തേർമഠം സമീപിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അർപ്പണബോധം ബോധ്യമായതോടെ മിനിസ്ട്രിയിലേക്ക് താത്‌കാലികമായി ചേർത്തു. 2017-ലാണ് കോട്ടയം അയ്‌മനത്തുള്ള ഹോളിക്രോസ് ആസ്ഥാനത്ത് ചേർന്നത്.

ഒരുവർഷം അവിടെയും ഒരുവർഷം പുണെയിലും പഠിച്ചു. തുടർന്ന് സന്ന്യാസഭയുടെ യേർക്കാട്ടുള്ള ആശ്രമത്തിൽ ഒരുവർഷത്തെ നൊവീഷ്യേറ്റ് (ഗുരുകുല സമ്പ്രദായത്തിന് സമാനമായ പഠനം) പൂർത്തിയാക്കി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ച് ളോഹയിട്ടു.

വൈദികനാകുന്നതോടെ സന്ന്യാസസഭയുടെ ബധിര-മൂകർക്കായുള്ള മിനിസ്ട്രിയിൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് ഫാ. ബിജു മൂലക്കര പറഞ്ഞു. പള്ളികളിൽ ബധിര-മൂകർക്കായുള്ള കുർബാനകൾ അർപ്പിക്കാം. ലോക്‌ഡൗണിന് ശേഷം യേർക്കാട്ടുനിന്ന് ബ്രദർ തേർമഠം കോട്ടയത്തേക്ക് മടങ്ങും.