കേരളത്തിൽ പ്രത്യേക വണ്ടികളുടെ ഒട്ടേറെ സ്റ്റോപ്പുകൾ ഒഴിവാക്കി

സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു

by
https://www.mathrubhumi.com/polopoly_fs/1.4492405.1580508125!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡൽഹി: ജൂൺ ഒന്നിനുതുടങ്ങുന്ന പ്രത്യേക വണ്ടികൾക്ക് കേരളത്തിൽ സാധാരണപോലെ എല്ലായിടത്തും സ്റ്റോപ്പനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചു. നിസാമുദ്ദീൻ-എറണാകുളം തുരന്തോ നോൺ എ.സി. സ്പെഷ്യൽ ഒഴികെ മറ്റുനാലു പ്രത്യേക വണ്ടികളുടെയും ഏതാനും സ്റ്റോപ്പുകൾ ഒഴിവാക്കി.

നേരത്തേ മുംബൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയ ശ്രമിക് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ യാത്രക്കാരെ ഇറക്കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ, രജിസ്റ്റർചെയ്യാതെ യാത്രക്കാർ വന്നിറങ്ങുന്നതും എല്ലായിടങ്ങളിലും സ്റ്റോപ്പനുവദിക്കുന്നതും കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് സർക്കാർ റെയിൽവേയെ അറിയിച്ചു. തുടർന്നാണ് സ്പെഷ്യൽ വണ്ടികളുടെ സ്റ്റോപ്പുകൾ ഒഴിവാക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയത്.

നിർത്തിയ സ്റ്റോപ്പുകളിലേക്ക് ഇതിനകം ടിക്കറ്റ്‌ റിസർവ് ചെയ്തവർക്ക്, തൊട്ടടുത്ത സ്റ്റേഷനിലോ അല്ലെങ്കിൽ അതിനുമുമ്പുള്ള സ്റ്റേഷനിലോ ഇറങ്ങാനാവുമോയെന്ന്‌ വ്യക്തമല്ല. ഓരോ സ്റ്റേഷനിലും വന്നിറങ്ങുന്നവർ നേരത്തേ പേര്‌ രജിസ്റ്റർചെയ്യണമെന്ന് നിബന്ധനയുള്ളതിനാൽ നിശ്ചിതയാത്രക്കാർക്കുള്ള തയ്യാറെടുപ്പുകളേ സർക്കാർ നടത്തുകയുള്ളൂ. അതേസമയം, ഇനി ടിക്കറ്റ്‌ റിസർവ് ചെയ്യുന്നവർക്ക്, നിർത്തിയ സ്റ്റോപ്പുകളിലേക്ക്‌ ടിക്കറ്റ് നൽകില്ല.

പ്രത്യേക വണ്ടികളും ഒഴിവാക്കിയ സ്റ്റോപ്പുകളും

1). തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് (നേത്രാവതി എക്സ്പ്രസ്-06346)

വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്.

2). തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (02076)

വർക്കല ശിവഗിരി, കായംകുളം, ചേർത്തല, ആലുവ.

3). തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (02082)

കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി

4). എറണാകുളം-നിസാമുദ്ദീൻ മംഗളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (02617)

ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്.