അതിർത്തിയിൽ സംഘർഷച്ചൂട്; കരസേനാ മേധാവിയുടെ യോഗം ഇന്ന് തുടങ്ങും

by
https://www.mathrubhumi.com/polopoly_fs/1.4786056.1590521542!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡൽഹി: ലോകം മുഴുവൻ കോവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കേ ഇന്ത്യൻ അതിർത്തിയിൽ ചൈന തുടരുന്ന പ്രകോപനവും നേപ്പാൾ ഉയർത്തുന്ന അവകാശവാദവും ചർച്ച ചെയ്യാൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെ ഉയർന്ന സേനാ ഉദ്യോഗസ്ഥരുമായി നടത്തുന്ന ത്രിദിന കൂടിക്കാഴ്ച ബുധനാഴ്ച തുടങ്ങും. രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രണ്ടാംഘട്ട യോഗം ജൂൺ അവസാനം ചേരും. ഏപ്രിൽ 13 മുതൽ 18 വരെ നിശ്ചയിച്ച യോഗം കോവിഡ് കാരണം മാറ്റുകയായിരുന്നു. അതിർത്തിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ചേരുന്നത്.

കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പെരുകുകയാണ്. ചൈനയുടെ നീക്കങ്ങൾക്ക് നേപ്പാൾ പിന്തുണ നൽകുന്നതായാണ് ഇന്ത്യയുടെ നിഗമനം. ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങൾ തങ്ങളുടേതാക്കി നേപ്പാൾ പുതിയ മാപ്പ് പുറത്തിറക്കിയത് ഇതിനെ തുടർന്നാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

പാംഗോങ് തടാകം, ഗാൽവൻ താഴ്‌വര, ദംലോക്ക്, ദൗലത്ത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ചൈന കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് 200 കിലോമീറ്റർ അകലെയുള്ള വ്യോമതാവളത്തിൽ ചൈന വൻവികസനപ്രവർത്തനവും തുടങ്ങി. അതിർത്തിയിൽ ആക്രമിക്കാനടക്കം പറ്റുന്ന ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ത്യയും അയ്യായിരത്തോളം സൈനികരെ മേഖലയിൽ പുതുതായി എത്തിച്ചു. കാൽനടയാത്രയും ദുഷ്കരമായ മേഖലയിൽ പട്രോളിങ് സാധ്യമല്ലാത്തതിനാൽ ഇന്ത്യയും ആളില്ലാ വിമാനമാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.

ലേയിൽ നിന്ന് ഗൽവാൻ താഴ്‌വരയിലേക്ക് 255 കിലോമീറ്റർ റോഡ് ഇന്ത്യ പണിയുന്നുണ്ട്. ഇതിനെ തുടക്കം മുതൽ ചൈന എതിർത്തിരുന്നു. അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഈ റോഡിന്റെ പാംഗോങ്ങിനടുത്തുള്ള ചെറിയ ഭാഗത്ത് ടെന്റുകളുണ്ടാക്കി പണി തടസ്സപ്പെടുത്താനാണ് ഇപ്പോൾ ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശ്രമം. ഇതേത്തുടർന്ന് മേയ് അഞ്ചിന് ഇരുവിഭാഗം സൈനികരും തമ്മിൽ സംഘർഷമുണ്ടായി.

മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞദിവസം ജനറൽ നരവണെ ലഡാക്കിലെ ലേയിൽ 14-ാം സൈനിക കോർ ആസ്ഥാനത്ത് എത്തിയിരുന്നു.

റോഡ് പണിതന്നെ നേപ്പാളിനും പ്രശ്‌നം

ടിബറ്റിലേക്കുള്ള മാനസ സരോവർ യാത്രയ്ക്കായി ഉത്തരാഖണ്ഡിലെ ലിപുലേഖ് മേഖലയിൽ നിന്നുള്ള എളുപ്പവഴിയായി ഇന്ത്യയുണ്ടാക്കിയ റോഡ് ഈയിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള മേഖലയിലൂടെയുള്ള റോഡ് നിർമാണത്തെ നേപ്പാൾ എതിർത്തു.

ഇന്ത്യയും നേപ്പാളും തമ്മിൽ 118 കിലോമീറ്റർ തുറന്ന അതിർത്തിയാണ് ഉള്ളത്. ഇതിൽ ഉത്തരാഖണ്ഡിലെ പിത്തോർഗഢ് ജില്ലയുടെ ഭാഗമായ കാലാപാനിക്കുമേൽ നേപ്പാൾ കാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ ധർച്ചുല ജില്ലയുടെ ഭാഗമാണിതെന്നാണ് നേപ്പാളിന്റെ വാദം. കാലാപാനിയുടെ പടിഞ്ഞാറ്് ഭാഗത്താണ് ലിപുലേഖും ലിംപിയാധുരയും. കാലാപാനിയെച്ചൊല്ലിയുള്ള തർക്കം എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചർച്ചയിലൂടെ പരിഹരിച്ചതാണ്. എന്നാൽ ഈ മൂന്നു പ്രദേശങ്ങളും തങ്ങളുടേതാക്കി നേപ്പാൾ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കയാണ്. ബ്രിട്ടീഷ് സർക്കാരുമായി നേപ്പാൾ രാജാവ് 1816-ൽ ഉണ്ടാക്കിയ സുഗോളി ഉടമ്പടിയാണ് കാലാപാനിക്കുമേലുള്ള അവകാശത്തിനായി നേപ്പാൾ ഉയർത്തിക്കാട്ടുന്നത്.

content highlights: border issue