https://assets.doolnews.com/2020/05/indochina_farooq-399x227.jpg

പാളിയ നയതന്ത്രം, വളഞ്ഞിട്ടാക്രമിക്കുന്ന ചൈന

by

ഇന്ത്യയുടെ അയല്പക്കങ്ങളില്‍ ചൈന കാശിറക്കി കളിക്കുന്ന അതെ കളി ഇന്ത്യ ചൈനയുടെ അയല്‍ക്കാര്‍ക്കെതിരെ കളിക്കാന്‍ ശ്രമിച്ച കഥ കൂടെ പറയേണ്ടതുണ്ട്.

‘ഇന്ത്യക്കാരാണിവിടെ കൊറോണ പടര്‍ത്തുന്നത്, മാത്രമല്ല, ഇന്ത്യന്‍ കൊറോണ ചൈനീസ് കോറോണയെക്കാളും ഇറ്റാലിയന്‍ കോറോണയെക്കാളും വീര്യം കൂടിയതുമാണ് ‘, നേപ്പാള്‍ പ്രധാനമന്ത്രി അവരുടെ പാര്‍ലമെന്റില്‍ പറഞ്ഞതാണിത്.

വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ട്രംപ് പോലും ഇതിലും മാന്യമായ ഭാഷയില്‍ സംസാരിക്കും. ഒന്നാമതായി കോറോണയുടെ ഉറവിടം ഇന്ത്യയല്ലെന്ന് മാത്രമല്ല, ലോകം മുഴുവന്‍ കൊറോണ പടര്‍ത്തിയതില്‍ ഇന്ത്യക്കാര്‍ക്ക് പങ്കുമില്ല. രണ്ടാമത്, വീര്യം കുറഞ്ഞ കൊറോണ, കൂടിയ കൊറോണ എന്നൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടനയും സി.ഡി.സി യുമൊക്കെ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ഇതൊക്കെ അറിയാമായിരുന്നിട്ടും എഴുതി തയ്യാറാക്കിയ ഒരു പ്രസംഗത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയെ അധിക്ഷേപിക്കുന്നതെന്തിനാണ് ? ഉത്തരം – ചൈനയെ സന്തോഷിപ്പിക്കാന്‍. ഇത് മാത്രമല്ല നേപ്പാള്‍ ചെയ്തത്, ഇന്ത്യയുടെ ചില ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിക്കുകയും ചെയ്തു.

തര്‍ക്ക പ്രദേശമാണെന്ന് ഇപ്പോള്‍ നേപ്പാള്‍ പറയുന്നുണ്ടെങ്കിലും ഇത് വരെ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല, പുതിയതായി ഓരോ പ്രശ്ങ്ങള്‍ ഉണ്ടാക്കി കൊണ്ട് വരുന്നതാണ്. ഏതായാലും ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും ആ ഭൂപ്രദേശം ഇന്ത്യയുടേതാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

https://www.doolnews.com/assets/2020/05/nepalpm.jpg

നാലഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഭയഭക്തി ബഹുമാനങ്ങളോട് കൂടിയല്ലാതെ ഒരു നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയെ കുറിച്ച് സംസാരിക്കില്ലായിരുന്നു. ഇന്ത്യയുടെ ഒരു സാമന്ത രാജ്യം പോലെയായിരുന്നു നേപ്പാള്‍ – പോലെയല്ല ശരിക്കും. കൃത്യം പറഞ്ഞാല്‍ 2015 മുതലാണ് സ്ഥിതി മാറിയത്.

2015 ല്‍ നേപ്പാള്‍ അവരുടെ പുതിയ ഭരണഘടന അംഗീകരിക്കാന്‍ തീരുമാനിച്ചു, പക്ഷെ അതിലെ ചില വകുപ്പുകള്‍ ഇന്ത്യക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നവയായിരുന്നില്ല. അന്നൊക്കെ സുഷമ സ്വരാജായിരുന്നു വിദേശ കാര്യ മന്ത്രിയെങ്കിലും അവര്‍ക്ക് ട്വിറ്ററിലൂടെ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്ന ജോലിയെ ഉണ്ടായിരുന്നുള്ളു. വിദേശ സന്ദര്‍ശനവും വിദേശ കാര്യവുമൊക്കെ മോദിയും ഡോവലും കൂടിയാണ് കൈകാര്യം ചെയ്തു കൊണ്ടിരുന്നത്.

നേപ്പാളി ഭരണഘടനയിലെ ചില വകുപ്പുകള്‍, പ്രത്യേകിച്ച് മധേഷികളുമായി ബന്ധപ്പെട്ടവയില്‍ മാറ്റം വരുത്തണമെന്ന് ഡോവല്‍ നേപ്പാളിനോട് ആവശ്യപ്പെട്ടു. ഇന്നത്തെ വിദേശകാര്യ മന്ത്രിയായ ജയ്ശങ്കറിനെ കാട്മണ്ഡുവിലക്കയച്ചു ഇന്ത്യയെ അനുസരിച്ചില്ലെങ്കില്‍ വരാവുന്ന ഗുരുതരമായ ഭവിഷ്യത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി.

പക്ഷെ നേപ്പാള്‍ അവരുടെ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. ഇന്ത്യ നേപ്പാളിനോട് അപ്രഖ്യാപിത ഉപരോധം ആരംഭിച്ചു. ഉപരോധം അഞ്ചു മാസം നീണ്ടു നിന്നു. പെട്രോളും ഗ്യാസും ഉള്‍പ്പടെ മനുഷ്യനു വേണ്ട മുഴുവന്‍ സാധനങ്ങളും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന നേപ്പാള്‍ ഇന്ത്യയുടെ മുന്‍പില്‍ കീഴടങ്ങും എന്നായിരുന്നു ഡോവല്‍ ടീമിന്റെ പ്രതീക്ഷ.

https://www.doolnews.com/assets/2020/05/nepalvisit.jpg

അങ്ങനെ തന്നെ ആവേണ്ടതായിരുന്നു, ചൈന തക്കം നോക്കി ചാടി വീണില്ലായിരുന്നെങ്കില്‍. നേപ്പാള്‍ ഒരു ‘ലാന്‍ഡ് ലോക്ഡ്’ രാജ്യമാണ്, അഥവാ കര അതിര്‍ത്തികള്‍ മാത്രമേയുള്ളൂ. അതുതന്നെ രണ്ടു രാജ്യങ്ങളുമായി മാത്രം – ഇന്ത്യയും ചൈനയും.

ചൈനയിലേക്കുള്ള അതിര്‍ത്തി ഭീകരമായ പര്‍വത നിരകളാണ്, ഗതാഗതം എളുപ്പമല്ല. ഇന്ത്യ മാത്രമായിരുന്നു നേപ്പാളിന്റെ വഴി. പക്ഷെ ചൈന ആകാശ മാര്‍ഗവും പര്‍വത റൂട്ടുകളിലൂടെയും നേപ്പാളിലേക്ക് സാധനങ്ങള്‍ എത്തിച്ചു. അഞ്ചു മാസം കഴിഞ്ഞു ഉപരോധം അവസാനിക്കുമ്പോള്‍ നേപ്പാള്‍ ഇന്ത്യയുടേതല്ല ചൈനയുടെ സാമന്ത രാജ്യം ആയിക്കഴിഞ്ഞിരുന്നു.

ഇപ്പോള്‍ നേപ്പാളിന്റെ വിദേശ നിക്ഷേപത്തിന്റെ എണ്‍പതു ശതമാനവും ചൈനയില്‍ നിന്നാണ്. ഒരു ബില്യണ്‍ നേപ്പാളി റുപ്പീയുടെ സഹായം വേറെയും. നേപ്പാളിലെ അണക്കെട്ടുകള്‍ മുതല്‍ പഞ്ചായത്തു റോഡുകള്‍ വരെ ഇപ്പോള്‍ ചൈനയാണ് നിര്‍മിക്കുന്നത്.

ഹിമാലയം തുരന്ന് നിരവധി റോഡുകള്‍ നിര്‍മിക്കുന്നുണ്ട് നേപ്പാളിലേക്ക് ചൈന, കൂടാതെ റെയില്‍വേ ലൈനും. നേപ്പാളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കുത്തകയുണ്ടായിരുന്ന ടെലികോം, വാഹന മേഖലകള്‍ ഒന്നൊന്നായി ഇപ്പോള്‍ ചൈനീസ് കമ്പനികളുടെ കയ്യിലേക്ക് പോകുകയാണ്.

https://www.doolnews.com/assets/2020/05/china-sreelanka.jpg

ഇത് ചൈനയുടെ മാത്രം കഥയല്ല. അടുത്ത കാലം വരെ ഇന്ത്യയുടെ മറ്റൊരു സാമന്ത രാജ്യമായിരുന്നു ശ്രീലങ്ക. കാരവന്‍ റിപ്പോര്‍ട്ട് പ്രകാരം, 2014 ല്‍ ഡോവല്‍ ശ്രീലങ്ക സന്ദര്‍ശിച്ചതിനു പിറകെ, ശ്രീലങ്ക ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രീലങ്കയിലെ തലവനെ പുറത്താക്കി, അന്നത്തെ രജപക്‌സേ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്നതായിരുന്നു ശ്രീലങ്ക കാരണം പറഞ്ഞത്.

ഏതായാലും അതിനു ശേഷം വന്ന തിരഞ്ഞെടുപ്പില്‍ രജപക്‌സെയുമായി തെറ്റി പിരിഞ്ഞ ഇന്ത്യന്‍ പക്ഷക്കാരനായ സിരിസേന തിരഞ്ഞെടുപ്പില്‍ ജയിച്ചു. പക്ഷെ അഞ്ചു വര്‍ഷം തികയുന്നതിന് മുമ്പേ രജപക്‌സെ തിരിച്ചു വന്നു. ഇപ്പോള്‍ ചൈനക്കാര്‍ കയറി നിരങ്ങുകയാണ് കൊളംബോയില്‍.

ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹമ്പന്‍തോട്ട പോര്‍ട്ട് ഇപ്പോള്‍ ചൈന നേരിട്ടാണ് നടത്തുന്നത്, 99 കൊല്ലത്തേക്കാണ് ലീസ് എഗ്രിമെന്റ്. ചൈനയുടെ വാണിജ്യ കപ്പലുകള്‍ മാത്രമല്ല യുദ്ധക്കപ്പലുകളും ഇപ്പോള്‍ ശ്രീലങ്കന്‍ തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍. ഒരു ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനു പുറമെ ചൈന ശ്രീലങ്കക്ക് കൊടുക്കുന്നുണ്ട്. നിരവധി റോഡുകളും അണക്കെട്ടുകളും നിര്‍മിച്ചു നല്‍കുന്നതിന് പുറമെയാണിത്.

കയ്യീന്ന് പോയ മറ്റൊരു അയല്‍ക്കാരനാണ് മ്യാന്മാര്‍. മ്യാന്മാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നേരെ ഇന്ത്യ 2014 ല്‍ അതിര്‍ത്തി കടന്ന് ഒരു ആക്രമണം നടത്തി. മ്യാന്മാര്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടു കൂടി സ്ഥിരമായി നടക്കുന്നതാണത്, രണ്ടു കൂട്ടരും പുറമെ പറയാറുണ്ടായിരുന്നില്ല എന്ന് മാത്രം.

https://www.doolnews.com/assets/2020/05/modimyanmar-visit.jpg

പക്ഷെ പുതുതായി ഭരണത്തില്‍ വന്നതിന്റെ ആവേശത്തില്‍ മോദിയുടെ ചില മന്ത്രിമാര്‍ ഇതൊരു വീരവാദമാക്കി വാചകമടിച്ചു നടന്നു. മ്യാന്‍മറിലെയും മറ്റു രാജ്യങ്ങളിയെയും മാധ്യമങ്ങളില്‍ ഇതൊരു വലിയ വാര്‍ത്തയായി. മ്യാന്മാര്‍ ഭരണകൂടം നാണം കെട്ടു. അന്ന് തുടങ്ങിയതാണ് ഇന്ത്യ-മ്യാന്മാര്‍ ബന്ധത്തിലെ കല്ലുകടി.

ഇപ്പോള്‍ മ്യാന്മറില്‍ ചൈന തുടങ്ങിയ പ്രോജക്ടുകളുടെ ലിസ്റ്റ് കണ്ടാല്‍ ഞെട്ടും. ചൈനയില്‍ നിന്ന് മ്യാന്മറിലേക്ക് റെയില്‍വേ ലൈന്‍, മ്യാന്മറില്‍ ചൈനയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ഒരു തുറമുഖം, ബെല്‍റ്റ് റോഡിലുള്ള പങ്കാളിത്തം, ടെലികോം സര്‍വിസുകള്‍ തുടങ്ങി നിരവധി.

https://www.doolnews.com/assets/2020/05/myanmarchina.jpg

ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്മറിന് വേണ്ടി ഒന്നര ബില്യണ്‍ ഡോളര്‍ ചിലവാക്കി ചൈന നിര്‍മിച്ചു നടത്തുന്ന ക്യാക്പയു തുറമുഖം കല്‍ക്കട്ടയില്‍ നിന്ന് നോക്കിയാല്‍ കാണാം. ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയാണ് ഈ തുറമുഖം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലും ഒപ്പിട്ടു കഴിഞ്ഞു മ്യാന്മാര്‍.

മാലിദ്വീപാണ് ചൈന അവരുടെ കയ്യിലുള്ള പരിധിയില്ലാത്ത ഡോളര്‍ നിക്ഷേപം കൊണ്ട് കയ്യിലാക്കിയ മറ്റൊരു രാജ്യം . മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങള്‍ എന്നിവയ്ക്ക് വേണ്ടി ചൈന നിക്ഷേപിക്കുന്നത് മൂന്നര ബില്യണ്‍ ഡോളറാണ്. പാക്കിസ്ഥാന്‍ ആദ്യമേ തന്നെ ചൈനയുടെ ഒരു കോളനിയാണ്.

https://www.doolnews.com/assets/2020/05/chinapakisthan.jpg

പാക്കിസ്ഥാന്റെ 62 ബില്യണ്‍ ഡോളര്‍ കടബാധ്യതയില്‍ എണ്‍പതു ശതമാനവും ചൈനയില്‍ നിന്ന് വാങ്ങിയതാണ്. പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ ചൈനയാണ് ഹൈവേകള്‍ നിര്‍മിക്കുന്നത്, കൂടാതെ 6 ബില്യണ്‍ ഡോളര്‍ മുടക്കി പുതിയ റെയില്‍വേ ലൈനും. ഗ്വാദര്‍ തുറമുഖം 43 കൊല്ലത്തേക്ക് ചൈനക്ക് നടത്താന്‍ കൊടുത്തിരിക്കുകയാണ് പാക്കിസ്ഥാന്‍.

അയലത്തുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ കൂടെ ശക്തമായി നില്‍ക്കുന്നത് ഭൂട്ടാന്‍ ആണെന്ന് പറയാം, കൂടെ ബംഗ്ലദേശും. അടുത്തിടെ വന്ന പൗരത്വ നിയമവും മറ്റും ബംഗ്ലാദേശ് ബന്ധത്തിലും കാര്യമായ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ അയല്പക്കങ്ങളില്‍ ചൈന കാശിറക്കി കളിക്കുന്ന അതെ കളി ഇന്ത്യ ചൈനയുടെ അയല്‍ക്കാര്‍ക്കെതിരെ കളിക്കാന്‍ ശ്രമിച്ച കഥ കൂടെ പറയേണ്ടതുണ്ട്.

ചൈനയുടെയും റഷ്യയുടെയും ഇടക്ക് സാന്‍ഡ്വിച്ച് പോലെ കിടക്കുന്ന ഒരു കൊച്ചു രാജ്യമാണ് മംഗോളിയ, പ്രധാനമായും ചൈനയെ ആശ്രയിച്ചാണ് അവരുടെ എക്കൊണോമിയും തൊഴിലും ഒക്കെ. 2015 ലാണ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മംഗോളിയ സന്ദര്‍ശിക്കുന്നത്.

സന്ദര്‍ശനോദ്ദേശം എന്താണെന്ന് ഭരണകക്ഷിയായ ബി.ജെ.പി ആദ്യം തന്നെ പെരുമ്പറ കൊട്ടി ലോകത്തെ അറിയിച്ചിരുന്നു – ചൈനയുടെ കയ്യിലുള്ള ഒരു സാമന്ത രാജ്യത്തെ ഇന്ത്യയുടെ കയ്യിലെത്തിക്കുക. മോദി മംഗോളിയയില്‍ പോയി അവര്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു – ഏകദേശം 7000 കോടി രൂപ.

https://www.doolnews.com/assets/2020/05/modimangolia.jpg

ആ പണം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച മംഗോളിയ ചാടിക്കയറി ദലൈലാമയെ സന്ദര്‍ശനത്തിന് വിളിച്ചു. ദലൈലാമ ചൈനക്ക് അനഭിമതനും ഇന്ത്യക്ക് പ്രിയപ്പെട്ടയാളും എന്നത് മാത്രമല്ല, ഭൂരിഭാഗം ഉള്ള മംഗോളിയന്‍ ബുദ്ധിസ്റ്റുകളുടെ ആത്മീയ നേതാവുമാണ്. ദലൈലാമയുടെ സന്ദര്‍ശനത്തിനെതിരെ ചൈന മംഗോളിയക്ക് മുന്നറിയിപ്പ് കൊടുത്തു, മംഗോളിയ അനുസരിച്ചില്ല.

ദലൈലാമയുടെ സന്ദര്‍ശനം നടന്നു, ചൈന മംഗോളിയക്കെതിരെ അപ്രഖ്യാപിത ഉപരോധവും ഏര്‍പ്പെടുത്തി. പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണമില്ലാതെ വിഷമിച്ച മംഗോളിയ മോദി വാഗ്ദാനം ചെയ്ത 7000 കോടിക്ക് ഇന്ത്യയെ വിളിച്ചു. ഇന്ത്യയുടെ പണം കിട്ടിയില്ല. അവസാനം മംഗോളിയ പരസ്യമായി ചൈനയോട് മാപ്പ് പറഞ്ഞു അവരുടെ ക്യാമ്പിലേക്ക് തിരിച്ചു കയറി.

ഇക്കഴിഞ്ഞ ഏപ്രില്‍ 12 ന്, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയിലെ ഓഹരി വിപണികള്‍ മുഴുവന്‍ കൂപ്പു കുത്തിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റ് ചെയ്തു. കോവിഡ് സാഹചര്യം മുതലെടുത്തു ചില വിദേശ താല്പര്യങ്ങള്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളെ വിലക്ക് വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന് സര്‍ക്കാര്‍ എത്രയും വേഗം തടയിടണം എന്നുമായിരുന്നു ട്വീറ്റ്.

രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളെ ഇന്ത്യന്‍ കോര്‍പറേറ്റുകളില്‍ നിക്ഷേപിക്കുന്നത് പ്രായോഗികമായി തടയുന്ന തരത്തില്‍ ഒരു നിയമം കൊണ്ട് വരികയും ചെയ്തു. അതിനു ശേഷം ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈനീസ് കയ്യേറ്റങ്ങളുടെ പരമ്പരയായിരുന്നു.

https://www.doolnews.com/assets/2020/05/indiachina1.jpg

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു വിദേശ രാജ്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കയറി നിലയുറപ്പിച്ചിരിക്കുന്നു എന്ന് ഇക്കണോമിക് ടൈംസും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്സും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഇതുവരെ ആ വാര്‍ത്ത നിഷേധിച്ചിട്ടില്ല. അതിര്‍ത്തിയില്‍ ചൈന വലിയ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങളും വന്നിട്ടുണ്ട്, ഒരു സ്ഥലത്തല്ല, ലഡാക്കും സിക്കിമും ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യണമെന്നോ സ്ഥലങ്ങള്‍ പിടിച്ചെടുക്കണമെന്നോ ചൈന ഉദ്ദേശിക്കുന്നുണ്ടെന്ന് കരുതാന്‍ പറ്റില്ല. അവരുടെ ലക്ഷ്യം സാമ്പത്തികം മാത്രമാണ്. 2014 ല്‍ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തൊട്ടു മുമ്പായിരുന്നു ചൈനീസ് സൈന്യം ലഡാക്കില്‍ വന്‍ പടയൊരുക്കം നടത്തിയത്.

ആയുധം എടുക്കാതെ യുദ്ധം ജയിക്കുക എന്നതാണ് ചൈനീസ് തന്ത്രം. ഭാവിയില്‍ വാര്‍ത്താ വിനിമയ രംഗം മുഴുവന്‍ നിയന്ത്രിക്കും എന്ന് കരുതപ്പെടുന്ന 5 ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ നടപ്പാക്കാന്‍ ചൈനീസ് കമ്പനികളെ അനുവദിക്കുകയില്ലെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. പക്ഷെ ചൈനീസ് പ്രസിഡന്റിന്റെ ഇക്കഴിഞ്ഞ സന്ദര്‍ശനത്തിനിടെ ആ തീരുമാനം മാറ്റി.

https://www.doolnews.com/assets/2020/05/indiachina-meeting.jpg

ധോകലാമില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മാസങ്ങളോളം മുഖാമുഖം നിന്നതും ഈ തീരുമാനവും ചേര്‍ത്ത് വായിക്കാം. ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ നല്‍കാം, അത് വഴി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങള്‍ മുഴുവനും ചോര്‍ത്താനും പറ്റും.

ചൈനീസ് കമ്പനിയായ ടിക് ടോകില്‍ അംഗമായിട്ടുള്ള ഇന്ത്യക്കാരുടെ എണ്ണം 12 കോടിയോളം വരും. ഒരു ശരാശരി ഇന്ത്യക്കാരന്റെ മുഴുവന്‍ വിവരങ്ങളും ചൈനക്ക് കിട്ടാന്‍ ടിക് ടോക് മാത്രം മതി. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ബാങ്കിങ് കമ്പനിയായ പേ-ടി-എം ല്‍ ചൈനയുടേതാണ് ഏറ്റവും വലിയ നിക്ഷേപം. കൊവിഡിനെ തുടര്‍ന്ന് മറ്റു ബാങ്കിങ് സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചതിനാണ് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റിലൂടെ തടയിട്ടത്.

ഇപ്പോള്‍ തന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി വര്‍ഷത്തില്‍ 60 ബില്യണ്‍ ഡോളറോളം വരും. അത് പോരാഞ്ഞിട്ട് ചൈനക്ക് ഇന്ത്യന്‍ കമ്പനികളില്‍ കയറി മേയണം. അതിനു തടയിടാനുള്ള ഏതു നിയമവും അതിര്‍ത്തിയില്‍ പടയൊരുക്കത്തിന് വഴിയൊരുക്കും, നേപ്പാള്‍ പോലുള്ള പുതിയ സാമന്ത രാജ്യങ്ങളും അവരുടെ കൂടെയുണ്ടാവും.

ശുഭകരമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍. വിദേശകാര്യം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് എടുത്തു ചട്ടക്കാരനായ ഡോവലിനെ പുറത്താക്കിയ മട്ടാണ്. ഡോവല്‍ ഇപ്പോള്‍ ആഭ്യന്തരമാണ് കൈകാര്യം ചെയ്യുന്നത്.

മോദിയുടെ വിദേശ സന്ദര്‍ശനങ്ങളും കെട്ടിപിടുത്തങ്ങളും ഏതാണ്ടവസാനിച്ചു. നയതന്ത്ര മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള ജയശങ്കറിന്റെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ വിദേശകാര്യം. അതിന്റെ ഗുണം വരും വര്‍ഷങ്ങളില്‍ കാണും എന്ന് പ്രതീക്ഷിക്കാം.

ഫാറുഖിന്‍റെ മറ്റ് ലേഖനങ്ങള്‌‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക