വര്‍ക്ക് ഫ്രം ഹോം നേട്ടം ഗൃഹോപകരണ വിപണിക്ക്
ചൂട് ഉയരുന്നതു കൊണ്ടും കൂടുതല്‍ പേര് വീട്ടിലിരുന്നുള്ള ജോലി തന്നെ തുടരുന്നതും മൂലമുള്ള പുതിയ ജീവിത ശൈലി ഗൃഹോപകരണ വിപണിക്ക് ഗുണമായിരിക്കുകയാണ്.
കൊച്ചി: വര്‍ക്ക് ഫ്രം ഹോമില്‍ നേട്ടം കേരളത്തിലെ ഗൃഹോപകരണ വിപണിക്ക്. ലോക്ഡൗണിന് ശേഷം വീട്ടുപകരണ വിപണി ഉണരുമെന്നാണ് നേരത്തെ പഠനങ്ങള്‍ പറഞ്ഞിരുന്നു. അതിനുള്ള സൂചനകളും വിപണിയില്‍ പ്രകടമായിട്ടുണ്ട്. ചൂട് ഉയരുന്നതു കൊണ്ടും കൂടുതല്‍ പേര് വീട്ടിലിരുന്നുള്ള ജോലി തന്നെ തുടരുന്നതും മൂലമുള്ള പുതിയ ജീവിത ശൈലി ഗൃഹോപകരണ വിപണിക്ക് ഗുണമായിരിക്കുകയാണ്.
പ്രത്യേകിച്ച് എയര്‍ കണ്ടീഷനും കൂളറും പോലുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കണ്ടത്തല്‍. മെയ് മാസത്തെ ഈ മൂന്നാഴ്ചത്തെ വില്‍പ്പനയുടെ കണക്കു പരിശോധിച്ചാല്‍ രാജ്യത്ത് ഗൃഹോപകരണങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പനയോളം വരുമത്രെ.
ജൂണ്‍ മാസമാകുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുടെ വില്‍പ്പനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില്‍പ്പനയാണ് ഉയര്‍ന്നു നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിപണിയില്‍ 70 ശതമാനം വര്‍ധനവാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.