പഞ്ചനക്ഷത്ര ഹോട്ടലുകളും ക്വാറന്റയിൻ കേന്ദ്രങ്ങളുടെ പട്ടികയിൽ
# ബിനീഷ് മള്ളൂശേരി
സ്റ്റാർ സംവിധാനങ്ങളോടെ ക്വാറന്റയിനില്‍ താമസിക്കാനുള്ള സൗകര്യം ആയതോടെ ക്വാറന്റയിൻ സമയം കഴിയുന്നവർക്ക് വരാനിരിക്കുന്ന മൺസൂൺ ടൂറിസം കൊവിഡ് ടൂറിസമാകാൻ സാധ്യത തെളിയുന്നുണ്ട്
കോട്ടയം: കൊവിഡ് സമയത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ സ്വന്തമായി പണം മുടക്കി ക്വാറന്റയിനില്‍ താമസിക്കണമെന്ന നിബന്ധന വന്നതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ക്വാറന്റയിൻ കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ചു. സ്റ്റാർ സംവിധാനങ്ങളോടെ ക്വാറന്റയിനില്‍ താമസിക്കാനുള്ള സൗകര്യം ആയതോടെ ക്വാറന്റയിൻ സമയം കഴിയുന്നവർക്ക് വരാനിരിക്കുന്ന മൺസൂൺ ടൂറിസം കൊവിഡ് ടൂറിസമാകാൻ സാധ്യത തെളിയുന്നുണ്ട്. ഹോട്ടലുകളുടെ പട്ടികയില്‍ കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളും ഉൾപ്പെടുന്നു. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ടൂറിസ്റ്റുകൾ ഒഴിഞ്ഞ കുമരകത്തെ താജ് ഹോട്ടല്‍ മുതല്‍ ജില്ലയിലെ കെടിഡിസിയുടെ ഹോട്ടല്‍ വരെ ഇങ്ങനെ പണം മുടക്കി താമസിക്കാവുന്ന ഹോട്ടലുകളുടെ ലിസ്റ്റിലുണ്ട്.
കോട്ടയം നഗരത്തിൽ തന്നെയാണ് പട്ടികയിൽപ്പെട്ട ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍. കുമരകത്തെ താജ് ഹോട്ടലിന് ഫോര്‍സ്റ്റാര്‍ പദവിയാണുള്ളത്. അയ്യായിരത്തിന് മുകളിലാണ് നക്ഷത്ര ഹോട്ടലുകളിലെ താമസത്തിന് പ്രതിദിന വാടക. കുമരകത്തെ 5 ഹോട്ടലുകളാണ് കഴിഞ്ഞ രാത്രി സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ ഹോട്ടല്‍ നക്ഷത്ര ഉള്‍പ്പെടെ രണ്ട് ഹോട്ടലുകള്‍ കുമാരനല്ലൂര്‍ ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ഓരോ ഹോട്ടലുകളുമാണ് ഉള്ളത്. ആകെ 9 ഹോട്ടലുകളുടെ ലിസ്റ്റ് ആണ് ആദ്യഘട്ടത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 1250 രൂപ മുതല്‍ 7000 വരെയാണ് നിരക്ക്.
ഉയര്‍ന്ന വാടകയുള്ള ഹോട്ടലുകളില്‍ ഭക്ഷണവും വാടകയില്‍ ഉള്‍പ്പെടും. എസി നോണ്‍ എ സി മുറികളുടെ വാടക പ്രത്യേകം ലിസ്റ്റിൽ നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നും എത്തുന്ന മലയാളികള്‍ സ്വന്തം പണം മുടക്കി താമസിക്കണമെന്ന സർക്കാർ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഈ ലിസ്റ്റ് പുറപ്പെടുവിച്ചത്.