
വൻ അഴിച്ചുപണി; വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
നിലവിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.കെ ജോസ്. റവന്യൂ സെക്രട്ടറി ഡോ. വി വേണുവിനെ മാറ്റി. ആസൂത്രണ വകുപ്പിലേക്കാണ് വേണുവിനെ മാറ്റിയത്. വേണു പ്ലാനിങ് ബോർഡ് സെക്രട്ടറിയാകും.
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി ടി.കെ ജോസിനെ നിയമിച്ചു. നിലവിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.കെ ജോസ്. റവന്യൂ സെക്രട്ടറി ഡോ. വി വേണുവിനെ മാറ്റി. ആസൂത്രണ വകുപ്പിലേക്കാണ് വേണുവിനെ മാറ്റിയത്. വേണു പ്ലാനിങ് ബോർഡ് സെക്രട്ടറിയാകും.
ഡോ. എ ജയതിലക് ആണ് പുതിയ റവന്യൂ സെക്രട്ടറി. ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ജയതിലക്. ആലപ്പുഴ ജില്ലാ കലക്റ്ററായിരുന്ന അഞ്ജനയെ കോട്ടയം കലക്റ്ററായി മാറ്റി നിയമിച്ചു. കോട്ടയം കലക്റ്ററായ പി കെ സുധീർബാബു വിരമിക്കുന്ന ഒഴിവിലാണ് അഞ്ജനയെ മാറ്റി നിയമിച്ചത്. ഇഷിതാ റോയിയെ കാർഷികോത്പാദന കമ്മീഷണറായി നിയമിച്ചു.
തിരുവനന്തപുരം ജില്ലാ കലക്റ്ററായിരുന്ന കെ ഗോപാലകൃഷ്ണനെ മാറ്റി. നവജ്യോത് ഖോസയാണ് തിരുവനന്തപുരം കലക്റ്റർ. കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്റ്ററായാണ് മാറ്റിനിയമിച്ചത്.