രണ്ട് മിനിറ്റിൽ 20,000 ഡൗൺലോഡുകൾ; ബെവ് ക്യൂ ആപ്പിന് ഗംഭീര വരവേൽപ്പ്
രണ്ടു മിനിറ്റത്തേക്ക് ആപ് പ്ലേസ്റ്റോറിൽ ലഭ്യമാക്കിയപ്പോൾ 20,000 പേർ ഡൗണ്‍ലോഡ് ചെയ്തതായി ആപ് തയാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു.
തിരുവനന്തപുരം: മദ്യവിൽപനയ്ക്കുള്ള ഓണ്‍ലൈൻ ആപ്പായ ബെവ് ക്യൂ ആപ് തയാർ. രണ്ടു മിനിറ്റത്തേക്ക് ആപ് പ്ലേസ്റ്റോറിൽ ലഭ്യമാക്കിയപ്പോൾ 20,000 പേർ ഡൗണ്‍ലോഡ് ചെയ്തതായി ആപ് തയാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു. ആപ്പിന്റെ ബീറ്റാ വേർഷനാണ് ആയിരങ്ങൾ ഡൗണ്‍ലോഡ് ചെയ്തത്. നിലവിൽ ബീറ്റാ ആപ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല.
ആപ് ഡൗണ്‍ലോഡ് ചെയ്തവർ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും അതെല്ലാം ബുധനാഴ്ചത്തെ ടോക്കണുകളാണെന്നും അവയൊന്നും തന്നെ സാധുവല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ടോടെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാവും. ഇതോടെ ബുക്കിംഗ് തുടങ്ങും. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിക്കും. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേസ്റ്റോറിന്റെ അനുമതി ലഭിച്ചത്. എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ആപ് പ്ലേസ്റ്റോറിൽ ലഭ്യമാകും. സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്ക് എസ്എംഎസ് മുഖേനയും മദ്യംവാങ്ങാൻ ടോക്കണ്‍ എടുക്കാം. ഒരു തവണ മദ്യം വാങ്ങിയാൽ നാലു ദിവസം കഴിഞ്ഞേ വീണ്ടും ടോക്കണ്‍ ലഭിക്കൂ.