കാസര്‍ഗോഡിൽ കോഴിക്ക് അമിത വില ഈടാക്കിയ 44 ചിക്കന്‍ സ്റ്റാളുകള്‍ക്കെതിരെ നടപടി
കിലോയ്ക്ക് ഈടാക്കേണ്ട വില നേരത്തെ നിശ്ചയിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഈ വിലയിലും കൂടുതല്‍ ഈടാക്കുന്നതായി പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടിക്കൊരുങ്ങിയത്.
കാസര്‍ഗോഡ്: കോഴിക്ക് അമിത വില ഈടാക്കിയ 44 ചിക്കന്‍ സ്റ്റാളുകള്‍ക്കെതിരെ നടപടി. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലംഘിച്ച് അമിത വില ഈടാക്കിയതിനാണ് ജില്ലയിലെ 44 കോഴി കടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്റ്റര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കിലോയ്ക്ക് ഈടാക്കേണ്ട വില നേരത്തെ നിശ്ചയിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഈ വിലയിലും കൂടുതല്‍ ഈടാക്കുന്നതായി പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടിക്കൊരുങ്ങിയത്.
ജില്ലാ സപ്ലൈ ഓഫീസറുടേയും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറുടേയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയിലെ വിവിധ കോഴികടകളില്‍ നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കടകള്‍ക്ക് നോട്ടീസ് നല്‍കാനും ചുരുങ്ങിയത് 5000 രൂപ പിഴ ഈടാക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കലക്റ്റര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍. ദേവീദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി. കെ ശശിധരന്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി. ശ്രീനിവാസ തുടങ്ങിയവര്‍ സംബന്ധിച്ചു.