http://www.metrovaartha.com/image/image.php?src=/uploads/news/27052015905773761694137765.jpg&w=710&h=400

ട്രംപിന്‍റെ ട്വീറ്റുകൾക്ക് ട്വിറ്ററിന്‍റെ മുന്നറിയിപ്പ് ലേബൽ, ഇലക്ഷനിൽ ഇടപെടുന്നുവെന്ന് പ്രസിഡന്‍റ് 

മെയിൽ ഇൻ ബാലറ്റ് (പോസ്റ്റൽ വോട്ട്) തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തട്ടിപ്പിനു കാരണമാക്കുമെന്നാണ് ഇതിലൊരു ട്വീറ്റ്. മെയിൽ ബോക്സ് തന്നെ കവർന്നുകൊണ്ടുപോകാം. ബാലറ്റുകൾ കവരാം. നിയമവിധേയമല്ലാതെ പ്രിന്‍റ് ചെയ്ത ബാലറ്റുകൾ വ്യാജമായി ഒപ്പിട്ടു വയ്ക്കാം

വാഷിങ്ടൺ: ഇതാദ്യമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വീറ്റുകൾക്ക് ട്വിറ്ററിന്‍റെ മുന്നറിയിപ്പു ലേബൽ. കഴിഞ്ഞ ദിവസത്തെ ട്രംപിന്‍റെ രണ്ടു ട്വീറ്റുകൾക്കാണ് വസ്തുതാ പരിശോധന നടത്തണമെന്ന മുന്നറിയിപ്പ് ട്വിറ്റർ നൽകിയിരിക്കുന്നത്. ഇതിൽ പ്രകോപിതനായ ട്രംപ് നവംബറിലെ അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്വിറ്റർ ഇടപെടുന്നുവെന്ന് ആരോപിച്ചിട്ടുമുണ്ട്.

മെയിൽ ഇൻ ബാലറ്റ് (പോസ്റ്റൽ വോട്ട്) തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തട്ടിപ്പിനു കാരണമാക്കുമെന്നാണ് ഇതിലൊരു ട്വീറ്റ്. മെയിൽ ബോക്സ് തന്നെ കവർന്നുകൊണ്ടുപോകാം. ബാലറ്റുകൾ കവരാം. നിയമവിധേയമല്ലാതെ പ്രിന്‍റ് ചെയ്ത ബാലറ്റുകൾ വ്യാജമായി ഒപ്പിട്ടു വയ്ക്കാം''- ട്രംപ് ട്വീറ്റ് ചെയ്തു. കാലിഫോർണിയയിലെ ഗവർണർ ദശലക്ഷക്കണക്കിന് ആളുകൾക്ക് ബാലറ്റുകൾ അയച്ചുകൊടുക്കുന്നുണ്ടെന്നും ട്രംപ്.

ട്വീറ്റുകൾക്കു താഴെ നീല ആശ്ചര്യ ചിഹ്നമിട്ട് വായനക്കാരെ ഉദ്ദേശിച്ച് ട്വിറ്ററിന്‍റെ നോട്ടിഫിക്കേഷൻ. മെയിൽ- ഇൻ- ബാലറ്റിനെക്കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കണം!!  മെയിൽ- ഇൻ- ബാലറ്റിനെക്കുറിച്ച് അറിയാനുള്ള ലിങ്കുകളും ട്വിറ്റർ നൽകി. 80 ദശലക്ഷത്തോളം വരുന്ന ട്വിറ്ററിലെ ട്രംപിന്‍റെ അനുയായികൾ അതിനോട് പ്രതികരിച്ചത് ഇങ്ങനെ: സോഷ്യൽ മീഡിയ കമ്പനി സ്വതന്ത്ര തെരഞ്ഞെടുപ്പിനെ പൂർണമായി ശ്വാസം മുട്ടിക്കുന്നു. ""2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്വിറ്റർ ഇടപെടുകയാണ്. മെയിൽ-ഇൻ- ബാലറ്റുകളെക്കുറിച്ച് എന്‍റെ പ്രസ്താവന തെറ്റാണെന്നാണ് അവർ പറയുന്നത്''- ട്രംപ് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്വിറ്ററിന്‍റെ ശ്രമങ്ങൾ താൻ പ്രസിഡന്‍റായിരിക്കുന്നിടത്തോളം അനുവദിക്കില്ലെന്നും ട്രംപ്.

നവംബർ മൂന്നിനു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് പോസ്റ്റൽ വോട്ടുകൾ വലിയ തട്ടിപ്പിനു കാരണമാവുമെന്ന് ഇതിനു മുൻപും പല തവണ ട്വീറ്റ് ചെയ്തിരുന്നു. ഡെമൊക്രറ്റുകൾ ഭരിക്കുന്ന കാലിഫോർണിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയിൽ- ഇൻ- ബാലറ്റിലൂടെ തിരിമറി നടത്താനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിക്കുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പോസ്റ്റൽ വോട്ടുകൾ പരമാവധി ഉപയോഗിക്കാൻ ഈ സംസ്ഥാനങ്ങൾ ശ്രമിക്കുന്നുണ്ട്. 

തെറ്റായ ട്വീറ്റുകൾക്ക് "ഫാക്റ്റ് ചെക്' മുന്നറിയിപ്പ് ട്വിറ്റർ നൽകാറുണ്ട്. വാണിങ് ലേബലുകളുടെ എണ്ണം കൂട്ടുമെന്നും ട്വിറ്റർ പറഞ്ഞിരുന്നു. എന്നാൽ, ദിവസവും സൈറ്റ് കാണുന്ന യുഎസ് പ്രസിഡന്‍റിനെതിരേ നടപടിയെടുക്കാൻ അവർ മടിച്ചുനിൽക്കുകയായിരുന്നു ഇതുവരെ എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുന്നതു വരെ ട്വിറ്ററിലൂടെ ട്രംപ് അറിയിക്കുകയാണു പതിവ്.  മറ്റു രാഷ്ട്രീയ നേതാക്കളുമായുള്ള പോരാട്ടത്തിനും ട്വിറ്ററിനെ ആശ്രയിക്കാറുണ്ട്. എന്നാൽ, ട്വിറ്റർ ഇപ്പോൾ ട്രംപ് വിരുദ്ധ പക്ഷം പിടിക്കുന്നു എന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾ ആരോപിക്കുന്നത്.