http://www.metrovaartha.com/image/image.php?src=/uploads/news/27052015905606271481339573.jpg&w=710&h=400

കുറഞ്ഞ മരണ നിരക്കിൽ ഇന്ത്യ, ലോക്ഡൗൺ ഗുണം ചെയ്തെന്ന് ആരോഗ്യ മന്ത്രാലയം

ലോകത്തെ ഒരു ലക്ഷം ജനങ്ങളിൽ 4.4 പേർ കൊവിഡ് ബാധിച്ചു മരിക്കുന്നു എന്നതാണ് ആഗോള കണക്ക്. ഇന്ത്യയിൽ ലക്ഷം പേരിൽ 0.3 ആളുകളാണ് ഇപ്പോൾ മരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്- ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു.

ന്യൂഡൽഹി: കൊവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ ഒരു ലക്ഷം ജനങ്ങളിൽ 4.4 പേർ കൊവിഡ് ബാധിച്ചു മരിക്കുന്നു എന്നതാണ് ആഗോള കണക്ക്. ഇന്ത്യയിൽ ലക്ഷം പേരിൽ 0.3 ആളുകളാണ് ഇപ്പോൾ മരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്- ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു.

രോഗബാധിതരിൽ 3.3 ശതമാനം പേർ മരിക്കുന്നതായിരുന്നു ഏപ്രിൽ 15ലെ ഇന്ത്യയിലെ സ്ഥിതി. ഇപ്പോൾ അത് 2.87 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതും ലോകത്തെ കുറഞ്ഞ നിരക്കുകളിൽ ഉൾപ്പെടുന്നു. കൃത്യസമയത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതും രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതുമാണ് മരണനിരക്ക് കുറച്ചതെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രോഗമുക്തരാവുന്നവരുടെ നിരക്ക് ഓരോ ദിവസവും ഉയർന്നവരികയാണെന്നും മന്ത്രാലയം.

കഴിഞ്ഞ മൂന്നു മാസം കൊണ്ട് വലിയ തോതിലാണ് പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ചത്. ഒരു ദിവസം ലക്ഷത്തിലേറെ പരിശോധനകൾ നടത്താൻ രാജ്യം ഇപ്പോൾ പ്രാപ്തമായത് വൻ നേട്ടമാണ്. രോഗവ്യാപനം നിയന്ത്രിക്കാൻ പരിശോധനകൾ കൂട്ടുന്നതു സഹായിക്കും. പലരെയും അതിശയിപ്പിക്കുന്ന തരത്തിൽ മരണനിരക്ക് ഇന്ത്യയിൽ കുറവാണെന്ന് ഐസിഎംആർ ഡയറക്റ്റർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ഇതു വളരെ നല്ല കാര്യമാണ്.

ഇതിനു പലരും പല സിദ്ധാന്തങ്ങളും പറയുന്നുണ്ട്. പക്ഷേ, ഏതെങ്കിലും ഒരു ഘടകമാണ് കാരണമെന്ന് കൃത്യമായി പറയാൻ തെളിവുകളില്ല. ഈ നില തുടരുമെന്നു പ്രത്യാശിക്കാം- ഭാർഗവ പറഞ്ഞു. മറ്റു രോഗങ്ങൾക്കുള്ള പല മരുന്നുകളും കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നും അത് വിദഗ്ധരുടെ കർശന നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രോക്സി ക്ലോറോക്വിന് കാര്യമായ യാതൊരു പാർശ്വഫലങ്ങളും ഇല്ലെന്നാണ് ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചതെന്നും ഭാർഗവ.