ജർമൻ എൽ ക്ലാസിക്കോയിൽ ബയേൺ
പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബയേണ്‍ ഉജ്വല ഫോമിൽ കളിച്ച ഡോർട്ട്മുണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു.. ഒന്നാംപകുതിയുടെ നിശ്ചിതസമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജോഷ്വ കിമ്മിഷ് നേടിയ ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്
ബെര്‍ലിന്‍: ജര്‍മൻ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനു ജയം. ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന പോരാട്ടത്തിൽ ബയേൺ മ്യൂണിക് ഏകപക്ഷീയമായ ഒരു ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി.
പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബയേണ്‍ ഉജ്വല ഫോമിൽ കളിച്ച ഡോർട്ട്മുണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു.. ഒന്നാംപകുതിയുടെ നിശ്ചിതസമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജോഷ്വ കിമ്മിഷ് നേടിയ ഗോളാണ് കളിയുടെ വിധി നിര്‍ണയിച്ചത്. ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ബയേണ്‍ ഡോർട്ട്മുണ്ടുമായുള്ള അകലം ഏഴു പോയിന്റാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
മല്‍സരം ആസ്വദിക്കാന്‍ ഡോർട്ട്മുണ്ടിൻ്റെ മൈതാനമായ സിഗ്നല്‍ ഇഡ്യുന പാര്‍ക്കില്‍ കാണികള്‍ ആരും തന്നെ ഇല്ലായിരുന്നുവെങ്കിലും അതൊന്നും കളിയുടെ ആവേശത്തിന് കുറവ് വരുത്തിയില്ല. ഇരുടീമുകളും തുടക്കം മുതല്‍ മികച്ച ഫുട്‌ബോളാണ് കാഴ്ചവച്ചത്. മികച്ച രീതിയില്‍ തുടങ്ങിയ ഡോർട്ട്മുണ്ടാണ് കളിയില്‍ കൂടുതല്‍ സമയവും ആധിപത്യം പുലര്‍ത്തിയത്. പക്ഷെ 43ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായ കിമ്മിഷ് നേടിയ ഗോള്‍ ഡോർട്മുണ്ടിനെ തളര്‍ത്തിക്കളഞ്ഞു.
ഡോർട്മുണ്ടിന്റെ ഗോളടിവീരന്‍ എര്‍ലിങ് ഹലാൻഡ് ബയേണ്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. അഞ്ചു ഷോട്ടുകളാണ് താരം ഗോളിലേക്കു പരീക്ഷിച്ചത്. ഇവയില്‍ മൂന്നെണ്ണം ബ്ലോക്ക് ചെയ്യപ്പെട്ടപ്പോള്‍ ഒന്ന് ഓണ്‍ ടാര്‍ജറ്റിലും മറ്റൊന്ന് ഓഫ് ഗാര്‍ജറ്റിലുമായിരുന്നു. ഡോർട്ട്മുണ്ട് ബോക്‌സിനു പുറത്തു നിന്നുമുള്ള മികച്ച പാസിങിനൊടുവിലായിരുന്നു കിമ്മിഷിൻ്റെ മനോഹരമായ ഗോള്‍. ഡോർട്മുണ്ട് താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടിയെങ്കിലും 20 വാര അകലെ നിന്ന് ഗോളിക്കു മുകളിലൂടെ കിമ്മിഷ് പന്ത് വലയിലേക്കു ചിപ്പ്
ചെയ്തിടുകയായിരുന്നു
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വോള്‍ഫ്‌സ്ബര്‍ഗ് 4-1ന് ബയേര്‍ ലെവര്‍ക്യുസനെ തകര്‍ത്തുവിട്ടപ്പോള്‍ ഫ്രീബര്‍ഗ്- ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് (3-3), വെര്‍ഡര്‍ ബ്രെമന്‍- ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും 20 ജയവും നാലു വീതം തോല്‍വിയും സമനിലയുമടക്കം 64 പോയിന്റോടെയാണ് ബയേണ്‍ ബുണ്ടസ് ലിഗയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്രയും കളികളില്‍ നിന്നും 17 ജയവും ആറു സമനിലയും അഞ്ചു തോല്‍വിയുമുള്‍പ്പെടെ 57 പോയിന്റോടെ ഡോർട്മുണ്ട് രണ്ടാംസ്ഥാനത്തുണ്ട്.