ബന്ധുക്കളെ കണ്ട് പൊട്ടിക്കരഞ്ഞ് സൂരജ്; ഉത്ര വധക്കേസിൽ തെളിവെടുപ്പ് തുടരുന്നു
11 മണിയോടെയാണ് പൊലീസ് അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പൊലീസ് ജീപ്പിൽ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോൾ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോടും ബന്ധുക്കളോടും ആവർത്തിക്കുകയും ചെയ്തു.
അടൂർ: ഉത്ര കൊലക്കേസിൽ തെളിവെടുപ്പ് തുടരുന്നു. കേസിലെ പ്രതികളുമായി ബുധനാഴ്ച രാവിലെ ഒന്നാം പ്രതി സൂരജിന്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. 11 മണിയോടെയാണ് പൊലീസ് അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പൊലീസ് ജീപ്പിൽ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോൾ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോടും ബന്ധുക്കളോടും ആവർത്തിക്കുകയും ചെയ്തു.
സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയിൽവെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു. വീട്ടിലെ തെളിവെടുപ്പിനുശേഷം സൂരജുമായി പ1ലീസ് അടൂരിലെ ബാങ്കിൽ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനായി സൂരജ് ബാങ്കിൽ പോയിരുന്നതായാണ് വിവരം.
ഇത് സ്ഥിരീകരിക്കാനാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. സ്വത്തിന് വേണ്ടി ഉത്രയെ കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിനോടൊപ്പം തന്നെ സൂരജിന്റെ കുടുംബത്തിനെതിരേ ഗാർഹിക പീഡന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇത്തരത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്രയെ കൊലപ്പെടുത്തിയതിൽ സൂരജിനൊപ്പം കുടുംബത്തിലുള്ളവർക്കും പങ്കുണ്ടെന്ന ആരോപണവും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ചോദ്യം ചെയ്യലിൽ ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.