നമ്മള് കൊവിഡിനെയും അതിജീവിക്കും
# ലന്റീഷ് ആന്റോ
എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കാന്‍ പഠിപ്പിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പുതിയ സാഹചര്യങ്ങളിലൂടെയാണ് ഇനി സഞ്ചരിക്കേണ്ടത്. ആ സാഹചര്യങ്ങള്ക്കനുസരണമായ കാഴ്ചപ്പാടുകളിലേക്കും രീതികളിലേക്കും നാം മാറേണ്ടിയിരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ ആയു
ര്‍വേദ ഉത്പന്നങ്ങളേയും സേവനങ്ങളേയും എത്തിച്ചിട്ടുള്ള കെ.പി. പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയുടെ അമരക്കാരൻ കെ.പി. വില്സന് കണ്ടംകുളത്തി പറയുന്നു.
ഈ കൊവിഡ് കാലം ഏറെ ചിന്തിപ്പിക്കുകയും ഓർമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് കടന്നു പോകുന്നത്. എന്റെ പിതാവ് കെ.പി. പത്രോസ് വൈദ്യനില്‍ നിന്നും കഴിഞ്ഞ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടംകുളത്തി വൈദ്യശാലയുടെ നേതൃത്വം ഏറ്റെടുത്തതു മുതല്‍ ദിനങ്ങളെല്ലാം തിരക്കുകളുടേതായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാത്തഒരവസ്ഥയായി. പെട്ടെന്ന് ഉണ്ടായ ഈ മാറ്റത്തെ ആദ്യദിനങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ തന്നെ സാധിച്ചിരുന്നില്ല.
വെറുതേ ഇരുന്ന സമയങ്ങളില്‍ ചിന്തകള്‍ക്ക് വഴിമാറുകയായിരുന്നു. ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഏറെ ഉയര്‍ച്ചകളും, താഴ്ചകളും, പിന്നിട്ട വഴികളുമെല്ലാം കണ്മുമ്പിലേക്ക് കടന്നുവന്നു. ഇനി മുന്നോടുള്ള യാത്രയെക്കുറിച്ച് പഠിക്കാനും, ചിന്തിക്കാനും ഈ കൊവിഡ്കാലം അവസരം ഒരുക്കിത്തന്നു.
ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ തിരക്കുകളുടെ ലോകത്തായിരുന്നു ഇത്രയും കാലം. എന്നാല്‍ ലോക് ഡൗണ്‍ എല്ലാവരുടേയും ഒത്തുകൂടലിനും സന്തോഷത്തിനും കൂടുതല്‍ വഴിയൊരുക്കി എന്നത് യാഥാർഥ്യമാണ്. ഭാര്യ ഡോ. റോസ്മേരി വില്‍സനാണ് എറണാകുളം, തിരുവനന്തപുരം, ചാലക്കുടി, മാള, അതിരപ്പിള്ളി എന്നിവിടങ്ങളിലെ ആശുപത്രികളുടേയും, റിസോര്‍ട്ടുകളുടെയും ചികിത്സാ ചുമതലകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. മകന്റെ ഭാര്യ ഡോ. മരിയയും ചികിത്സാകാര്യങ്ങളില്‍ വ്യാപൃതയായിരുന്നു. ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ഇവരും തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് പൂര്‍ണസമയം വീട്ടമ്മമാരായി മാറി.
മൂത്ത മകന് പാട്രസും ബിസിനസ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെയായിരുന്നു. വിദ്യാർഥിയായ ഇളയ മകന് കുരുവിള തന്റെ ഇഷ്ടവിനോദമായ സംഗീതത്തെ പരിപോഷിപ്പിക്കുന്ന തിരക്കിലും. ചെറുപ്പം മുതല്‍ അത്യാവശ്യം ഭംഗിയായി പാടുന്ന കുരുവിള അതിനായി ഒരു യൂ റ്റ്യൂബ് ചാനലൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ മകള്‍ ഡോ. മേരി ആന്ബ്രിജിറ്റ്, മരുമകന് ഡോ. ചാക്കോ എന്നിവര്‍ കൊവിഡ് കാലഘട്ടത്തിലും ആതുര ശുശ്രൂഷാരംഗത്ത് സജീവമാണ്.
വീട്ടില്‍ എല്ലാവരും ഒത്തുകൂടിയതിന്റെ ഏറ്റവും വലിയ സന്തോഷം പാട്രസിന്റെ മൂന്ന് വയസുകാരന് മകന് വിന്‍സന്റി (വിച്ചു)നാണ്. അവന്റെ കളിചിരി തമാശകളൊടൊപ്പം കൂടാന്‍ കഴിഞ്ഞതില്‍ അവനെപ്പോലെ തന്നെ ഞങ്ങളും സന്തോഷത്തിലാണ്. കുരുവിളയുടെ പാട്ടുകള്‍ കേള്‍ക്കാനും ഇപ്പോള്‍ എല്ലാവര്ക്കും സമയം കിട്ടുന്നുണ്ട്. ലോക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ വീണ്ടും ചെറിയ തിരക്കുകള്‍ ആരംഭിച്ചു.
ദിനചര്യയുടെ ഭാഗമായിരുന്ന വി. കുര്‍ബാന, ബൈബിള്‍ വായന, പത്രം വായന, ടി.വി. കാണല്‍, വ്യായാമം എന്നിവ മാത്രമാണ് ഈ കാലഘട്ടത്തില്‍ ഒരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോയ ചില കാര്യങ്ങള്‍. സോഷ്യല്‍ മീഡിയകളിലും കൂടുതല്‍ സമയം ചെലവഴിക്കാനും മനുഷ്യന് ഉപകാരപ്രദമായ വീഡിയോകളും, പോസ്റ്റുകളും കാണാനും പഠിക്കാനും കഴിഞ്ഞു.
വൈദ്യശാലയും കൊവിഡ്കാലവും
സര്‍ക്കാരിന്റെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി 50 ശതമാനം ജീവനക്കാരുമായിട്ടാണ് വൈദ്യശാലയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. പ്രതിസന്ധി ഘട്ടമാണെങ്കിലും ജീവനക്കാരുടെ ശമ്പളം, കുടുംബക്ഷേമം എന്നിവയിലും, അത്യാവശ്യം സാമൂഹ്യ സേവന രംഗത്തും ശ്രദ്ധിച്ച് വരുന്നുണ്ട്.
ആയുര്‍വേദ രംഗത്ത് കൊവിഡ് സൃഷ്ടിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. കണ്ടംകുളത്തി വൈദ്യശാലയുടെ അതിരപ്പിള്ളി റിസോര്‍ട്ട് അടക്കം കേരളത്തിലെ ആയുര്‍വേദ റിസോര്‍ട്ടുകളുടെ മുഖ്യ വരുമാന മാര്‍ഗം വിദേശ ടൂറിസ്റ്റുകളാണ്. എന്നാല്‍ അവരുടെ വരവോ, ചികിത്സയോ പഴയ പോലെയാകാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരും. അത്രയുംനാള്‍ ഈ രംഗത്തുള്ളവരെ താങ്ങി നിര്‍ത്തുക അത്ര എളുപ്പമാവില്ല. ഇവിടെയാണ് യുക്തിപൂര്‍വമായ തീരുമാനങ്ങളുടെ പ്രസക്തി.
ഇനി മുന്നിലുള്ളത് പുതിയ ഒരു ലോകമാണ്, പുതിയ അവസരങ്ങളും. അവസരങ്ങളെ തങ്ങളുടേതായി മാറ്റുന്നവർ മാത്രമേ വിജയം വരിക്കുകയുള്ളൂ. സര്‍ക്കാരുകളുടെ ഉത്തേജക പാക്കെജുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്രത്തോളം എത്തുമെന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയവും പരാജയവും.
യാഥാർഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ബുദ്ധിപൂര്‍വമായ തീരുമാനങ്ങളാണ് ഓരോ പൗരനും എടുക്കേണ്ടത്. ഇതിലൂടെ സാമ്പത്തിക നേട്ടവും മാനസിക ഊര്‍ജവും കൈവരിക്കാന്‍ നമുക്ക് സാധിക്കും. പ്രതിസന്ധികളില്‍ തളരുന്നവരല്ല, അതിനെ അതിജീവിക്കുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. അതിനായി നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം. പ്രതിസന്ധികളെ മറികടക്കാം.