ലോക്ഡൗണില്ലാതെ കൊവിഡ് 19നെ നേരിട്ട ജപ്പാൻ അടിയന്തരാവസ്ഥയും പിൻവലിച്ചു
അവസാന കണക്കുകൾ പ്രകാരം ജപ്പാനിൽ 16,628 പേർക്കാണു രോഗം ബാധിച്ചത്. 13,612 പേർ രോഗമുക്തി നേടി. 851 പേർ മരിച്ചു. തലസ്ഥാനമായ ടോക്കിയൊയിലാണ് രോഗം ഏറ്റവും തീവ്രമായി വ്യാപിച്ചത്. 1.4 കോടി ജനസംഖ്യയുള്ള നഗരത്തിൽ 5100 പേർക്ക് രോഗം ബാധിച്ചിരുന്നു. എന്നാൽ, അവസാന ദിവസങ്ങളിൽ ഇവിടെ വിരലിലെണ്ണാവുന്നത്ര പേർക്കു മാത്രമാണു പുതുതായി രോഗം ബാധിച്ചത്.
ടോക്കിയൊ: ലോക്ഡൗണില്ലാതെ കൊവിഡ് 19നെ നേരിട്ട ജപ്പാൻ അടിയന്തരാവസ്ഥയും പിൻവലിച്ചു. ഒന്നര മാസം കൊണ്ടു രോഗത്തെ വരുതിയിലാക്കിയെന്നു വ്യക്തമാക്കിക്കൊണ്ടാണ് അടിയന്തരവാസ്ഥ പിൻവലിക്കുന്നതായി പ്രധാനമന്ത്രി ഷിൻസൊ ആബെ പ്രഖ്യാപിച്ചത്. എന്നാൽ, രോഗത്തിനെതിരായ പോരാട്ടം തുടരുമെന്നും ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം.
അവസാന കണക്കുകൾ പ്രകാരം ജപ്പാനിൽ 16,628 പേർക്കാണു രോഗം ബാധിച്ചത്. 13,612 പേർ രോഗമുക്തി നേടി. 851 പേർ മരിച്ചു. തലസ്ഥാനമായ ടോക്കിയൊയിലാണ് രോഗം ഏറ്റവും തീവ്രമായി വ്യാപിച്ചത്. 1.4 കോടി ജനസംഖ്യയുള്ള നഗരത്തിൽ 5100 പേർക്ക് രോഗം ബാധിച്ചിരുന്നു. എന്നാൽ, അവസാന ദിവസങ്ങളിൽ ഇവിടെ വിരലിലെണ്ണാവുന്നത്ര പേർക്കു മാത്രമാണു പുതുതായി രോഗം ബാധിച്ചത്.
ഇന്ത്യയും ചൈനയും യൂറോപ്യൻ രാജ്യങ്ങളും പ്രഖ്യാപിച്ചതുപോലുള്ള സമ്പൂർണ അടച്ചിടൽ ജപ്പാനിൽ ഏർപ്പെടുത്തിയിരുന്നില്ല. പൊതുഗതാഗതം തുടരുകയും സാമൂഹിക അകലം നിർബന്ധമാക്കുകയുമായിരുന്നു ജപ്പാന്‍റെ തന്ത്രം. റസ്റ്ററന്‍റുകൾ പതിവിലും നേരത്തേ അടയ്ക്കാൻ നിർദേശിച്ചു. കരോക്കെ ബാറുകളും ജിമ്മുകളും ഉൾപ്പെടെയുള്ളവ അടച്ചിട്ടു. ഇവ ഇപ്പോഴും തുറന്നിട്ടില്ല.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. അനാവശ്യയാത്രകൾ ഒഴിവാക്കാനും വീട്ടിലിരുന്ന് ജോലി ഏർപ്പെടുത്താനും നിർദേശിച്ചു. പൂർണ ലോക്ഡൗൺ ഏർപ്പെടുത്താത്തതിൽ പ്രധാനമന്ത്രിക്കെതിരേ വിമർശനമുയർന്നിരുന്നു. എന്നാൽ, മറ്റു രാജ്യങ്ങളിലേതുപോലെ തീവ്രവ്യാപനമുണ്ടായില്ലെന്നത് ലോകം അമ്പരപ്പോടെയാണ് വീക്ഷിച്ചത്.