യുഎസിൽ മരണം ഒരു ലക്ഷം കടന്നു, പിടിച്ചുനിർത്തിയെന്ന് ട്രംപ്
അവസാന റിപ്പോർട്ടു പ്രകാരം മരണസംഖ്യ 1,00,572. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽ നാലുലക്ഷത്തിനടുത്താണ് അവരുടെ എണ്ണം. മരണം 24,593. മറ്റു ലോകരാജ്യങ്ങളെക്കാൾ വളരെയേറെ മോശമായി കൊവിഡ് ബാധിച്ചതു യുഎസിനെയെന്ന് ഇതിൽ നിന്നു വ്യക്തം
വാഷിങ്ടൺ: അമെരിക്കയിൽ കൊവിഡ് ബാധിച്ചു മരിച്ചവർ ഒരു ലക്ഷം കടന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 17.25 ലക്ഷമായിട്ടുണ്ട് യുഎസിൽ. അവസാന റിപ്പോർട്ടു പ്രകാരം മരണസംഖ്യ 1,00,572. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽ നാലുലക്ഷത്തിനടുത്താണ് അവരുടെ എണ്ണം. മരണം 24,593. മറ്റു ലോകരാജ്യങ്ങളെക്കാൾ വളരെയേറെ മോശമായി കൊവിഡ് ബാധിച്ചതു യുഎസിനെയെന്ന് ഇതിൽ നിന്നു വ്യക്തം.
അതേസമയം, തന്‍റെ അതിശക്തമായ ഇടപെടലുകളാണ് രാജ്യത്ത് കൊവിഡിനെ പിടിച്ചുകെട്ടിയതെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അല്ലെങ്കിൽ ഇപ്പോൾ മരണം 15 ലക്ഷം മുതൽ 20 ലക്ഷം വരെയാകുമായിരുന്നു എന്നാണ് ട്രംപ് പറയുന്നത്. വളരെ നേരത്തേ തന്നെ ചൈനയിൽ നിന്നുള്ള പ്രവേശനം ഞാൻ തടഞ്ഞു. ഞാൻ എന്‍റെ ജോലി ഭംഗിയായി ചെയ്തിരുന്നില്ലെങ്കിൽ സ്ഥിതിഗതികൾ വളരെ വഷളായേനേ- ട്രംപ് പറഞ്ഞു. ചൈന വൈറസ് എന്ന് ആവർത്തിച്ച് കൊവിഡിനെ വിളിക്കുകയും ചെയ്തു പ്രസിഡന്‍റ്.
ഈ വൈറസിനെ വുഹാനിൽ വച്ചു തന്നെ നശിപ്പിക്കേണ്ടതായിരുന്നു. അതു ചെയ്തില്ല. പക്ഷേ, ഞാൻ വളരെ വേഗത്തിൽ പ്രവർത്തിച്ചു. ശരിയായ തീരുമാനങ്ങൾ എടുത്തു. ഇപ്പോൾ എന്നെ വിമർശിക്കുന്ന പല രാഷ്ട്രീയ നേതാക്കളും ഞാൻ വളരെ വേഗം നീങ്ങുന്നു എന്നാണ് അന്നു പറഞ്ഞത്. ഇപ്പോൾ രോഗവ്യാപനം കുറഞ്ഞിരിക്കുന്നു. മരണനിരക്ക് കുറഞ്ഞിരിക്കുന്നു- അദ്ദേഹം പറഞ്ഞു.