കൊവിഡിൽ വീണ്ടും പകച്ച് മലബാർ
# സച്ചിൻ വള്ളിക്കാട്
സമ്പര്‍ക്കത്തിലൂടെ അടക്കം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നതിനെ ഏറെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയാണ്.
കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനം കുത്തനെ ഉയർന്ന് തുടങ്ങിയതോടെ മലബാറിലെ ജില്ലകൾ കടുത്ത ആശങ്കയിൽ. കാസര്‍ഗോഡ് ജില്ലയിൽ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അതിർത്തി കടന്ന് എത്തുന്നവരിൽ നിരീക്ഷണം ശക്തമാക്കി. സമ്പര്‍ക്കത്തിലൂടെ അടക്കം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നതിനെ ഏറെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയാണ്. പാലക്കാട് ഇന്നലെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ 8, മലപ്പുറം 5, കാസർഗോഡ് 3 എന്നിങ്ങനെയാണ് ഇന്നലെ മലബാറിൽ രോഗം ബാധിച്ചവരുടെ എണ്ണം. ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചതിൽ വലിയ ആശങ്കയിലാണ് പാലക്കാട്.
കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഏറ്റവുമധികം ആശങ്ക സൃഷ്ടിച്ചിരുന്നത് മലബാര്‍ മേഖലയിലെ ജില്ലകളായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവുമധികം കൊറോണ ബാധിതരുള്ള ജില്ലയായി കാസർഗോഡ് മാറിയിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. തുടര്‍ന്ന് കണ്ണൂരിലെ സ്ഥിതിയും ആശങ്ക ഉയര്‍ത്തിയപ്പോള്‍ കാസർഗോഡ് നടപ്പിലാക്കിയ ട്രിപ്പിള്‍ ലോക് ഡൗൺ ഉള്‍പ്പടെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ച് രോഗവ്യാപനം കുറക്കാന്‍ സാധിച്ചു.
സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചവരും മലബാറുകാരാണ്. ഞായറാഴ്ച വയനാട് സ്വദേശിയായ ആമിന മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് തിങ്കളാഴ്ച രാത്രി കണ്ണൂര്‍ ധര്‍മടം ബീച്ച് റിസോര്‍ട്ടിനു സമീപം ഫര്‍സാന മന്‍സിലില്‍ ആസിയയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ആസിയയെ കൊവിഡ് ലക്ഷണത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമായി. ഇവര്‍ക്ക് കൊവിഡ് പിടിപെട്ടത് എവിടെനിന്നെന്ന് വ്യക്തതയില്ല. ഭര്‍ത്താവും മക്കളുമടക്കം ഏഴുപേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രാഥമിക സമ്പര്‍ക്കമുണ്ടായ അറുപതോളം പേര് നിരീക്ഷണത്തിലാണ്. ദുബായില്‍നിന്ന് അര്‍ബുദ ചികിത്സക്കായി എത്തിയ കല്‍പ്പറ്റ സ്വദേശിനിയായിരുന്നു ആമിന. ഇരുവരുടെയും മൃതദേഹം കൊവിഡ് നിയന്ത്രണം പാലിച്ച് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ അടക്കം ചെയ്തു.
വിമാനത്തിലും കപ്പലിലും ട്രെയിനുകളിലുമൊക്കെയായി പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്നവരുമൊക്കെ നാട്ടിലേക്ക് എത്തി തുടങ്ങിയതോടെ കേരളത്തിലും രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. ഒരു ഘട്ടത്തില്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട വയനാട് ജില്ലയിലടക്കം രോഗികൾ വർധിച്ചത് ആശങ്കക്കിടയാക്കി. മലപ്പുറം ജില്ലയില്‍ കൊറോണ ബാധിതരുടെ മാത്രമല്ല രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവരുടെയും നീരീക്ഷണത്തിലേക്ക് മാറേണ്ടുന്നവരുടെയും എണ്ണത്തിലും വര്‍ധനവ് ഉണ്ടായി.
വടക്കന്‍ കേരളത്തിലേക്കാണ് ഏറ്റവുമധികം പ്രവാസികള്‍ എത്തിച്ചേരുന്നതിനാല്‍ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് അതിർത്തിയിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ജില്ലാ ഭരണകൂടം നിരീക്ഷണം വീണ്ടും ശക്തമാക്കിയിട്ടുണ്ട്.