അതിർത്തികൾ സാക്ഷി: അവർ ഇനി ഒരേ പാതയിൽ!
by മനോരമ ലേഖകൻകുമളി ∙ വരൻ തമിഴ്നാട് സ്വദേശി, വധു കേരളത്തിൽ നിന്ന്. വിവാഹം അതിർത്തി ചെക് പോസ്റ്റിൽ! കോവിഡ് നിയന്ത്രണങ്ങൾ കതിർമണ്ഡപത്തിലേക്കുള്ള വഴിയടച്ചപ്പോൾ കുമളി ചെക് പോസ്റ്റിലെ വഴിയോരം തമിഴ്നാട് സ്വദേശി പ്രസാദിന്റെയും കോട്ടയം സ്വദേശി ഗായത്രിയുടെയും വിവാഹവേദിയായി.
കമ്പം പുതുപ്പെട്ടി സ്വദേശി പ്രസാദും കോട്ടയം കാരാപ്പുഴയിൽ താമസിക്കുന്ന ഗായത്രിയും തമ്മിലുള്ള വിവാഹമാണ് കുമളി ചെക്പോസ്റ്റിനു സമീപം വഴിയോരത്തു നടന്നത്. മുറപ്പെണ്ണായ ഗായത്രിയുമായി പ്രസാദിന്റെ വിവാഹം നിശ്ചയിച്ചത് 6 മാസം മുൻപാണ്. മേയ് 24ന് 10.30നു വണ്ടിപ്പെരിയാർ വാളാർഡി ക്ഷേത്രത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം.
വരനും അടുത്ത ബന്ധുക്കളും തമിഴ്നാടിന്റെ യാത്രാനുമതി നേടിയിരുന്നു. എന്നാൽ, കേരളത്തിന്റെ പാസ് ഇല്ലാതെ അതിർത്തി കടക്കാൻ കഴിയില്ലെന്ന കാര്യം ഇവർ അറിയുന്നത് ചെക് പോസ്റ്റിൽ എത്തിയപ്പോഴാണ്.
ക്ഷേത്രത്തിൽ കാത്തു നിന്ന വധുവും സംഘവും ഇതോടെ കുമളിയിൽ എത്തി. വധുവിനു തമിഴ്നാട്ടിലേക്കു കടക്കാൻ കഴിഞ്ഞാൽ വിവാഹം അവിടെ നടത്താം എന്നായിരുന്നു പ്രതീക്ഷ. അതിനും പാസ് ലഭിച്ചില്ല.
ഇരുവീട്ടുകാരുടെയും വിഷമം കണ്ട അതിർത്തിയിലെ ഉദ്യോഗസ്ഥരാണ് മുഹൂർത്തം തെറ്റാതെ പാതയോരത്തു സൗകര്യം ഒരുക്കിയത്. ഇരു സംസ്ഥാനങ്ങളുടെയും ചെക് പോസ്റ്റിനിടയിലെ വഴിയരികിൽ, മണ്ഡപവും കൊട്ടും കുരവയുമില്ലാതെ പ്രസാദ് ഗായത്രിയുടെ കഴുത്തിൽ താലി കെട്ടി.പിന്നീട് ഉദ്യോഗസ്ഥർ ഇടപെട്ട് വധുവിനു തമിഴ്നാട്ടിലേക്കു പോകാൻ പാസ് അനുവദിച്ചു.
ദമ്പതിമാർ കൈപിടിച്ച് അതിർത്തി കടന്നെങ്കിലും ലോവർ ക്യാംപിലെ തമിഴ്നാടിന്റെ കോവിഡ് പരിശോധന കേന്ദ്രം വരെ മാത്രമേ യാത്ര നീണ്ടുള്ളൂ. വധുവിനു കോവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്ന് തമിഴ്നാട് അധികൃതർ അറിയിച്ചു. പരിശോധന ഫലം കാത്ത് തമിഴ്നാട്ടിന്റെ കോവിഡ് കെയർ സെന്ററിൽ കഴിയുകയാണ് ഗായത്രി. പുറത്ത് കാത്തിരിക്കുകയാണ് പ്രസാദ്.
English summary: Marriage in Kerala- Tamilnadu border