https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/6/beer-brewery.jpg
പ്രതീകാത്മക ചിത്രം

ലോക്ഡൗണിൽ ചീത്തയായത് 20,000ത്തിലധികം കെയ്സ് ബീയർ

by

കണ്ണൂർ ∙ സംസ്ഥാനത്തെ ബവ്റിജസ് വെയർഹൗസുകളിൽ മാത്രം ലോക്ഡൗൺ കാലത്ത് ചീത്തയായത് ഇരുപതിനായിരത്തോളം കെയ്സ് ബീയർ. ആറു മാസമാണു ബീയറിന്റെ ഉപയോഗ കാലാവധി. ലോക്ഡൗണിൽ വിൽക്കാൻ കഴിയാത്തതിനാലാണ് ഇത്രയും ബീയർ കാലാവധി പിന്നിട്ടത്.

ഇവ നശിപ്പിച്ചുകളയുന്നതിനായി വെയർഹൗസ് മാനേജർമാർ ബെവ്കോയ്ക്ക് അപേക്ഷ നൽകി. അതേസമയം, ബാർ–ബീയർ പാർലറുകളിൽ സൂക്ഷിച്ചിരിക്കുന്ന കാലാവധി പിന്നിട്ട ബീയർ എന്തു ചെയ്യണമെന്ന നിർദേശം ഇതുവരെ എക്സൈസ് വകുപ്പ് താഴേത്തട്ടിലേക്കു നൽകിയിട്ടില്ല. 

 പാഴ്സൽ കൗണ്ടർ വഴി വിൽപന പുന:രാരംഭിക്കുന്നതിനു മുൻപ് ഇവ നശിപ്പിച്ചുകളഞ്ഞില്ലെങ്കിൽ, ചിലയിടത്തെങ്കിലും ഇതു വിൽപനയ്ക്കെത്തിയേക്കും എന്ന ആശങ്കയുണ്ട്. ലേബലിലെ തീയതി കൃത്യമായി വായിച്ചു നോക്കി വാങ്ങുക മാത്രമാണ് ഉപഭോക്താവിനു മുന്നിലുള്ള മാർഗം. 

 സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവിൽപനശാലകളുള്ള എറണാകുളം ജില്ലയിലെ ഒരു ബെവ്കോ വെയർഹൗസിൽ മാത്രം 1500 കെയ്സ് ബീയറിന്റെ കാലാവധി കഴിഞ്ഞെന്നാണു കോർപറേഷനു ലഭിച്ച കണക്ക്. ആകെ 23 വെയർഹൗസുകളുണ്ട്. തുറക്കാൻ അനുമതി ലഭിച്ചാലുടൻ ബെവ്കോ ചില്ലറ വിൽപനശാലകളിലെ മോശം ബീയറിന്റെയും കണക്കെടുത്തു നശിപ്പിക്കും.

അതേസമയം, ബാറുകളും കൺസ്യൂമർഫെഡും മു‍ൻകൂർ പണമടച്ചാണു ബെവ്കോയിൽനിന്നു മദ്യം വാങ്ങുന്നതെന്നതിനാൽ നശിപ്പിക്കുന്ന ബീയറിന്റെ സാമ്പത്തിക നഷ്ടം ഇവർ സഹിക്കേണ്ടിവരും.

 കാലാവധി കഴിഞ്ഞ മദ്യത്തിന്റെ കണക്കെടുപ്പു നടത്തി നടപടിയെടുക്കേണ്ടത് എക്സൈസ് വകുപ്പാണ്. എന്നാൽ, ബാറുകൾ തുറക്കാനൊരുങ്ങുമ്പോഴും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കാലാവധി തീരാൻ ഒരു മാസത്തിൽ താഴെയുള്ള സ്റ്റോക്ക് സാധാരണ വെയർഹൗസുകളിൽനിന്നു നൽകാറില്ല.

എന്നാൽ, നല്ല വിൽപനയുള്ള സീസണിൽ ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കുന്നവയും ബാർ–ബീയർ പാർലറുകൾ സ്വന്തം ജാമ്യത്തിൽ വാങ്ങാറുണ്ട്. വേനൽക്കാലം മുന്നിൽകണ്ട് പലരും ബീയർ കാര്യമായി വാങ്ങി സൂക്ഷിച്ചിരുന്നു.