സംസ്‌ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ (63) ആണ് ഇന്നലെ രാത്രി പത്തുമണിയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ദുബായില്‍നിന്നെത്തി കോഴിക്കോട് ചികിത്സയിലിരുന്ന വയനാട് സ്വദേശിനി ഞായറാഴ്‌ച മരിച്ചിരുന്നു. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് മരണം ഏഴായി.
അതിനിടെ, രണ്ടു ദിവസത്തിനുള്ളില്‍ സംസ്‌ഥാനത്ത് 102 പേര്‍ക്കു കോവിഡ് സ്‌ഥിരീകരിച്ചു. ഞായറാഴ്‌ച 53 പേരും ഇന്നലെ 49 പേരുമാണു പോസിറ്റീവായത്. ഇന്നലെ രോഗം സ്‌ഥിരീകരിച്ചവരില്‍ തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകനും കണ്ണൂരിലെ രണ്ടു റിമാന്‍ഡ് തടവുകാരുമുണ്ട്. രോഗം സ്‌ഥിരീകരിച്ച് ചികിത്സയിലുള്ളത് 359 പേര്‍. കാസര്‍ഗോഡ് 14 പേര്‍ക്കും കണ്ണൂരില്‍ പത്തുപേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം 5, പാലക്കാട് 5, കോഴിക്കോട് 4, പത്തനംതിട്ട 3, ആലപ്പുഴ 3, കൊല്ലം 2, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്നലത്തെ മറ്റു കോവിഡ് ബാധിതര്‍. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും (യു.എ.ഇ.12, ഒമാന്‍ 1, സൗദി അറേബ്യ 1, അബുദാബി 1, മാലദ്വീപ് 1, കുവൈത്ത് 1, മസ്‌കറ്റ് 1) 25 പേര്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നും (മഹാരാഷ്‌്രട 17, തമിഴ്‌നാട് 4, ഡല്‍ഹി 2, കര്‍ണാടക 2) വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആറു പേരില്‍ രണ്ടു പേര്‍ തടവുകാരാണ്.
രോഗം സ്‌ഥിരീകരിച്ച് ചികിത്സയിലിരുന്ന 12 പേര്‍ ഇന്നലെ രോഗമുക്‌തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറു പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ടു പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് ഓരോരുത്തരുടെയും പരിശോധനാഫലമാണു നെഗറ്റീവായത്. സംസ്‌ഥാനത്ത് ഇതുവരെ 532 പേര്‍ക്കു കോവിഡ് ഭേദമായി.
വിമാനത്താവളം വഴി 8390 പേരും തുറമുഖം വഴി1621 പേരും ചെക്ക്‌പോസ്‌റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരുമുള്‍പ്പെടെ സംസ്‌ഥാനത്തിനു പുറത്തുനിന്ന് 97,247 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ നാലു പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശേരി, മലമ്പുഴ, ചാലിശേരി എന്നിവ കൂടിയായതോടെ ഇപ്പോള്‍ 59 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.