https://www.deshabhimani.com/images/news/large/2020/05/school-869495.jpg

കൊറോണക്കാലത്തെ പരീക്ഷക്ക്‌ സാധാരണ പരീക്ഷയിൽ നിന്നും എന്താണ് വ്യത്യാസം ?...ഡോ.ഷിംന അസീസ്‌ എഴുതുന്നു

by

'സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒന്നും നിങ്ങളെ കഷ്ടപ്പെടുത്താനോ കണ്‍ഫ്യൂഷന്‍ ആക്കാനോ അല്ല. മറിച്ച്, കോവിഡ്‌ 19 എന്ന പ്രശ്നക്കാരനെ മെരുക്കാന്‍ നമ്മള്‍ ഒടിച്ചെടുക്കുന്ന ചൂരലാണ്. നമ്മളെയും നമ്മുടെ സമൂഹത്തെയും കരുതാന്‍ കൂടിയാകട്ടെ നിങ്ങളുടെ ഈ പരീക്ഷാകാലം'...ഡോ.ഷിംന അസീസ്‌ ഫേസ്‌ബുക്കില്‍ എഴുതുന്നു.

രണ്ട്‌ കാസറ്റ്‌ ഇടാൻ പറ്റുന്നൊരു ടേപ്പ്‌ റിക്കോർഡർ ഉണ്ടായിരുന്നു വീട്ടിൽ. വർഷം 2004 BC (before corona). ടേപ്പ്‌ റിക്കോർഡറിന്റെ ആദ്യവായിൽ സോനു നിഗമിന്റെ ഇൻഡി പോപ്പ്‌ ആൽബവും രണ്ടാമത്തേതിൽ ഹൃത്വിക്‌ റോഷന്റെ ഏറ്റവും പുതിയ പടത്തിലെ പാട്ടും കൺമുന്നിലെ പത്താം ക്ലാസ്‌ ടെക്‌സ്‌റ്റ്‌ ബുക്കിൽ മാത്‌സിലെ ട്രിഗണോമെട്രിയും. സൈൻ തീറ്റേം കോസ്‌ തീറ്റേം കൂടെ വായക്ക്‌ റെസ്‌റ്റ്‌ കൊടുക്കാതിരിക്കാൻ നമ്മുടെ സ്വന്തം നിലയിലുള്ള തീറ്റയും.

ഇടക്ക്‌ സോനു നിഗത്തിന്റെ നിലവിളി ശബ്‌ദത്തിന്റെ ആക്കം കൂടുമ്പോ പിതാജി വന്ന്‌ പാട്ടുപെട്ടീടെ പ്ലഗ്‌ ഊരും. അഞ്ച്‌ മിനിറ്റോണ്ട്‌ നമ്മൾ പുസ്‌തകത്തിൻമേൽ വീണുറങ്ങും. ഒടുക്കം അടീം പിടീം കഴിഞ്ഞ്‌ പരീക്ഷേടെ മാർക്ക്‌ വന്നപ്പോ ഉപ്പാക്ക്‌ മനസ്സിലായി ഈ പെങ്കൊച്ച്‌ പാട്ട്‌ കേട്ടാലും പഠിച്ചോളുമെന്ന്‌. അതിന്‌ ശേഷം അത്തരം ഇടപെടലുകളോ തുടർനടപടികളോ ഉന്നതതലചർച്ചകളോ സമാനനിഗമനങ്ങളോ ഉണ്ടായിട്ടില്ല.

നൗ ദ ക്വസ്‌റ്റ്യൻ ഈസ്‌, നാളെ മുതൽ ഇതേ പത്തിലേം പന്ത്രണ്ടിലേം പരീക്ഷയെഴുതാന്‍ പോണവര്‍ക്ക് കൊറോണക്കാലത്തെ പരീക്ഷക്ക്‌ സാധാരണ പരീക്ഷയിൽ നിന്നും എന്ത്‌ വ്യത്യാസമാണുള്ളത്‌? ഒരോറ്റ കാര്യം മാത്രം- മുൻകരുതലുകൾ. ബാക്കിയെല്ലാം സെയിം ടു സെയിമാണ്‌.

പരീക്ഷയുടെ നടപടികളിലും നടത്തിപ്പുകളിലും കുറച്ച്‌ രോഗപ്രതിരോധ കലാപരിപാടികള്‍ കൂടും എന്നേള്ളൂ. നിങ്ങൾക്ക്‌ പനിയോ തുമ്മലോ സമാനലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മറ്റൊരു റൂം അനുവദിക്കുന്നത് നിങ്ങളോടുള്ള വിവേചനം ഒന്നുമല്ല കേട്ടോ. അത് നിങ്ങളോടും ചുറ്റും ഉള്ളവരോടുള്ള കരുതലാണ്.

നിങ്ങള്‍ ലക്ഷ്വദ്വീപില്‍ നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ എങ്കില്‍ ക്വാരന്റീന്‍ നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായും പാലിക്കുന്നു എന്നുറപ്പ് വരുത്തണേ. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ രക്ഷിതാക്കളും. കൃത്യമായ നിര്‍ദേശങ്ങള്‍ തരാന്‍ അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അവിടൊക്കെ തന്നെ കാണും. കാണുമ്പോള്‍ ഓടി ഒളിക്കേണ്ട, കോപ്പി അടിച്ചാല്‍ പഞ്ഞിക്കിടും എന്നല്ലാതെ അവര്‍ പഞ്ചപാവങ്ങളാണ്. വേറെ ഉപദ്രവമൊന്നും ചെയ്യൂല്ലാന്ന്.

കൈകള്‍ വൃത്തിയാക്കുക. മൂന്നു ലെയര്‍ ഉള്ള മാസ്ക് ധരിക്കുക. പരീക്ഷ ഹാളിനകത്തും പുറത്തും പരസ്പരം ഒന്നര മീറ്റര്‍ അകലം പാലിക്കുക. കൂട്ടം കൂടി നിന്ന് സംസാരിക്കാന്‍ പാടില്ല കേട്ടോ. നിങ്ങള്‍ കൂട്ടുകാരെ കുറെ കാലം കഴിഞ്ഞു കാണുകയാന്നു നിങ്ങള്‍ക്കല്ലേ അറിയൂ, കൊറോണക്ക് അറിഞ്ഞൂടല്ലോ.

മാസ്ക് കഴുത്തില്‍ കെട്ടി തൂക്കല്ലേ. കൃത്യമായി മൂക്കും വായും മറച്ചു തന്നെ ധരിക്കുക. മാസ്കിന്റെ മുന്നില്‍ തൊട്ടു നോക്കണ്ട. അത് എങ്ങോട്ടും ഇറങ്ങി പോകൂല ചങ്ങായ്മാരെ. പിന്നെ, ഒരു മാതിരി സ്കൂള്‍ കുട്ടികളെ മാതിരി 'രണ്ടു പെൻ ഉണ്ടോ, മഷി കയ്ഞ്ഞു' എന്നൊന്നും പറയാനുള്ള സ്ഥിതി ഉണ്ടാക്കരുത്. പേന, പെന്‍സില്‍, സ്കെയില്‍, കളര്‍, റബ്ബര്‍, ഷാര്‍പ്നര്‍ ഒക്കെ അവനവന്റെ മതി. കടം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. പറഞ്ഞീല എന്ന് വേണ്ട. സൂക്കേട്‌ കിട്ടും.

പിന്നെ, സ്കൂളില്‍ നിങ്ങള്‍ക്ക് നടക്കാനും പോകാനും വരാനും ഒക്കെ അനുവദിച്ച മാര്‍ഗങ്ങള്‍ കൃത്യമായി നിങ്ങള്‍ക്ക് പറഞ്ഞു തരാം. ക്വാറന്റീന്‍കാര്‍ക്ക് ടോയ്ലെറ്റ് ഒക്കെ വേറെ തന്നെ കാണും. ഒക്കെ ചോദിച്ചും കണ്ടും വേണേ. ആ പിന്നെ, വെള്ളം കുടിക്കുന്ന കുപ്പിയും ഗ്ലാസും ഒന്നും പങ്കു വെക്കരുത്. സ്വന്തം കുപ്പീല്‍ വെള്ളം എടുത്തോണ്ട് പോകാന്‍ മറക്കല്ലേ.

പരീക്ഷ കഴിഞ്ഞാലുടന്‍ ആ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടോണം. അവിടെ ചുറ്റി നിന്ന് ചോദ്യപേപ്പര്‍ ഡിസ്കസ് ചെയ്തിട്ട് എഴുതാത്ത ഉത്തരം പേപ്പറില്‍ തെളിഞ്ഞു വരൂലാന്നു മാത്രമല്ല, കൊറോണ മോന് ആ ചുറ്റിക്കളി ഒരു സുവര്‍ണാവസരവുമാണ്. അങ്ങനെയിപ്പോ നമ്മളെ പറ്റിച്ചു അവന്‍ ആളാകേണ്ട. ഒരു കാരണവശാലും രോഗപ്പകര്‍ച്ചക്ക് നമ്മള്‍ നിമിത്തമാകില്ല എന്നുറപ്പിച്ചു തന്നെ പെരുമാറാം.

ക്വാറന്റീനില്‍ നിന്നും വന്നു പരീക്ഷ എഴുതുന്നവര്‍ പരീക്ഷ കഴിഞ്ഞാല്‍ വഴിയില്‍ കിടന്നു കറങ്ങാതെ വേഗം തിരിച്ചു മുറികളില്‍ എത്തണം. എത്തിയാല്‍ ഉടന്‍ നിങ്ങളും രക്ഷിതാവും നല്ലൊരു കുളി പാസ്സാക്കൂ. ഇട്ടിരുന്ന ഡ്രസ്സ്‌ അര മണിക്കൂര്‍ ചൂടുവെള്ളത്തില്‍ ഡിറ്റര്‍ജന്റ് ഇട്ടു മുക്കി വെച്ച ശേഷം കഴുകി വെയിലത്ത് ഇട്ടോളൂ.

ഈ അലക്കും കുളിയും എല്ലാര്‍ക്കും ബാധകമാണ് കേട്ടോ. പുറത്തിറങ്ങി തിരിച്ചു വീട്ടില്‍ കേറുമ്പോള്‍ ശുദ്ധോം വൃത്തിയും നോക്കണം എന്ന് പറഞ്ഞപ്പോ നമുക്ക് എജ്ജാതി പുച്ഛം ആയിരുന്നു. കണ്ടാ കണ്ടാ, കൊടുത്താല്‍ കൊല്ലത്തും കിട്ടും.

ഇപ്പോള്‍ ഈ പറഞ്ഞ നിര്‍ദേശങ്ങള്‍ ഒന്നും നിങ്ങളെ കഷ്ടപ്പെടുത്താനോ കണ്‍ഫ്യൂഷന്‍ ആക്കാനോ അല്ല. മറിച്ച്, കോവിഡ്‌ 19 എന്ന പ്രശ്നക്കാരനെ മെരുക്കാന്‍ നമ്മള്‍ ഒടിച്ചെടുക്കുന്ന ചൂരലാണ്. നമ്മളെയും നമ്മുടെ സമൂഹത്തെയും കരുതാന്‍ കൂടിയാകട്ടെ നിങ്ങളുടെ ഈ പരീക്ഷാകാലം.

ഓള്‍ ദി ബെസ്റ്റ് മക്കള്‍സ്....പോയി ഉഷാറായി എഴുതി ജയിച്ചു വാ...

ലബ്യൂ...
ഷിംന.