https://assets.doolnews.com/2020/05/sadananda-399x227.jpg

'മന്ത്രി ആയതിനാല്‍ ഇളവുണ്ട്'; നിരീക്ഷണത്തില്‍ പോകാത്ത സദാനന്ദ ഗൗഡയെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

by

ബെംഗളൂരു: ദല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലേക്കെത്തിയിട്ടും നിരീക്ഷണത്തില്‍ പോകാത്ത കേന്ദ്ര മന്ത്രി സദാനന്ദഗൗഡയെ ന്യായീകരിച്ച് കര്‍ണാടക. കേന്ദ്രമന്ത്രിക്ക് ക്വാറന്റീനില്‍ പോകുന്നതിന് ഇളവുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത്.

വിവാദമായതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് കേന്ദ്രമന്ത്രിമാര്‍ക്ക് ഇളവുകള്‍ നല്‍കികൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.

‘ഔദ്യോഗിക കൃത്യം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് നിരീക്ഷണത്തില്‍ ഇരിക്കുന്നതില്‍ നിന്നും ഇളവുകളുണ്ടായിരിക്കുന്നതാണ്,’ നിര്‍ദേശത്തില്‍ പറയുന്നു.

തീവ്ര ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് വിമാനമാര്‍ഗമോ റോഡ് മാര്‍ഗമോ കര്‍ണാടകയിലേക്കെത്തുന്നവര്‍ക്ക് കര്‍ശന നിരീക്ഷണമാണ് നിലവില്‍ പാലിച്ച് വരുന്നത്. ഏഴു ദിവസം ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തില്‍ കഴിയണം.

തീവ്ര ബാധിത സംസ്ഥാനമായ ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ വിമാനത്തില്‍ വന്ന കേന്ദ്ര മന്ത്രി മാത്രം നിരീക്ഷണത്തില്‍ പോയിരുന്നില്ല. നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതെ ഗൗഡ നേരെ പോയത് വീട്ടിലേക്കായിരുന്നു.

മന്ത്രി അതിന് ശേഷം ഓഫീസില്‍ സജീവമാകുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി ആയതിനാല്‍ ഇളവ് നല്‍കുന്നുവെന്നാണ് ഇതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

താന്‍ പ്രത്യേക വിമാനത്തിലാണ് വന്നതെന്നും ആരോഗ്യ സേതു ആപ്പ് ഉണ്ടായിരുന്നതിനാല്‍ നിരീക്ഷണത്തില്‍ പോകേണ്ടതായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മരുന്ന് നിര്‍മാണ വകുപ്പിന്റെ മേല്‍ നോട്ടം കൂടിയുള്ളതിനാല്‍ മാറിനില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക