ജപ്പാനില്‍ വ്യാപാരം പുനഃസ്ഥാപിക്കാന്‍ ആപ്പിള്‍; റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറക്കുന്നു
സ്റ്റോറുകള്‍ തുറക്കുന്നതുമായി മുന്നോട്ട് പോവുകയാണ് എന്നും സുരക്ഷിതമായി സേവനങ്ങള്‍ തിരികെയെത്തിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്നും ആപ്പിള്‍ പറഞ്ഞു.
ടോക്കിയോ : ജപ്പാനില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആപ്പിള്‍ രാജ്യത്തെ 10 റീട്ടെയില്‍ സ്റ്റോറുകളും മാസങ്ങളോളം അടച്ചിരുന്നു.
ഫുകുവോക, നാഗോയ സാകെ എന്നിവിടങ്ങളില്‍ ഐഫോണ്‍ സ്റ്റോറുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും. രാജ്യത്തെ മറ്റ് എട്ട് റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുന്ന തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സ്റ്റോറുകള്‍ തുറക്കുന്നതുമായി മുന്നോട്ട് പോവുകയാണ് എന്നും സുരക്ഷിതമായി സേവനങ്ങള്‍ തിരികെയെത്തിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്നും ആപ്പിള്‍ പറഞ്ഞു.
'പ്രാദേശിക കേസുകള്‍, സമീപവും ദീര്‍ഘകാലവുമായ പ്രവണതകള്‍, ദേശീയ, പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയുള്‍പ്പെടെ ലഭ്യമായ എല്ലാ ഡാറ്റയും ഞങ്ങള്‍ പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. സ്റ്റോര്‍ തുറക്കുന്നുണ്ടെങ്കിലും പ്രാദേശികതലത്തില്‍ ആവശ്യമെങ്കില്‍ പ്രതിരോധ നടപടിയെന്നോണം അവ വീണ്ടും അടയ്ക്കാനും തയ്യാറാണെന്നും ആപ്പിള്‍ പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ തിങ്കളാഴ്ച രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഉത്തരവ് ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ടായിരുന്ന അവശേഷിക്കുന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും അവസാനിപ്പിച്ചു.
കോവിഡ് -19 ന് മറുപടിയായി ആപ്പിള്‍ ലോകമെമ്പാടുമുള്ള എല്ലാ റീട്ടെയില്‍ സ്റ്റോറുകളും അടച്ചപ്പോള്‍ ആഗോളതലത്തില്‍ നൂറോളം സ്റ്റോറുകള്‍ ഇപ്പോള്‍ വീണ്ടും തുറന്നു.
Content Highlights: Apple to begin reopening stores in Japan this week