‘ചെര്‍ണോബില്‍ ദുരന്തം മോസ്കോ മറച്ചതുപോലെ ചൈന വൈറസിനെ മറയ്ക്കുന്നു’
by മനോരമ ലേഖകൻവാഷിങ്ടന്∙ നിരവധി പേരുടെ ജീവനെടുത്ത 1986-ലെ ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന് മറച്ചുവച്ചതു പോലെയാണ് കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസുമായി ബന്ധപ്പെട്ട് എന്താണു സംഭവിക്കുന്നതെന്ന് ചൈനയ്ക്ക് നവംബര്‍ മുതല്‍ തന്നെ അറിയാമായിരുന്നു.
എന്നാല്‍ ലോകാരോഗ്യ സംഘടനയോടു കളവു പറഞ്ഞ് പുറത്തുനിന്നുള്ള വിദഗ്ധര്‍ വിവരശേഖരണം നടത്തുന്നത് ചൈന തടഞ്ഞുവെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. ചൈന തുറന്നുവിട്ട വൈറസ് അമേരിക്കയില്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ പിടിച്ചുനിര്‍ത്താനും ജനങ്ങളെ സംരക്ഷിക്കാനും കോടികളാണു ചെലവിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെര്‍ണോബില്‍ പോലെ തന്നെ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ചരിത്രവിസ്മൃതിലാവും. 15 വര്‍ഷത്തിനു ശേഷം അതേക്കുറിച്ച് ഒരു ഡോക്യൂമെന്ററി വന്നേക്കാമെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്റെ കാലത്ത് യുക്രെയിനില്‍ നടന്ന ആണവദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ വൈകിയാണു മോസ്കോ പുറത്തുവിട്ടത്.
നിരവധി പേരാണ് പ്രത്യക്ഷമായും പരോക്ഷമായും ഇരകളായതെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന കൃത്യസമയത്തു പുറത്തുവിടാതെ മറച്ചതിനാല്‍ ലോകത്താകെയും അമേരിക്കയിലുമായി ആയിരങ്ങളുടെ ജീവനാണു നഷ്ടമായത്. അതേക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അമേരിക്ക ചൂഴ്ന്നെടുക്കുമെന്നും റോബര്‍ട്ട് ഒബ്രിയന്‍ വ്യക്തമാക്കി.
English Summary: Coronavirus 'cover-up' is China's Chernobyl: White House adviser