https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/renuka-singh-union-minister.jpg
രേണുക സിങ്

‘മുറിയിൽ പൂട്ടിയിട്ട് ബെൽറ്റിന് അടിക്കാൻ അറിയാം’: ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രിയുടെ ഭീഷണി

by

റായ്പുർ ∙ ക്വാറന്റീൻ കേന്ദ്രം സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ആളുകളെ മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ട് ബെൽറ്റിന് അടിക്കാൻ തനിക്ക് അറിയാമെന്നു കേന്ദ്ര സഹമന്ത്രി രേണുക സിങ് ഉദ്യോഗസ്ഥരോടു പറയുന്ന വിഡിയോ പുറത്തുവന്നു. ഞായറാഴ്ച ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ നിന്ന് 400 കിലോമീറ്റർ അകലയെുള്ള ബൽറംപുരിലെ ക്വാറന്റീൻ കേന്ദ്രം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ വാക്കുകൾ.

‘ഞങ്ങളുടെ സർക്കാർ ഇനിയും അധികാരത്തിലില്ലെന്ന് ആരും കരുതരുത്. ഞങ്ങൾ 15 വർഷം ഭരിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മതിയായ പണം കേന്ദ്ര സർക്കാരിനുണ്ട്. ആളുകൾക്ക് ആവശ്യമായ തുക ലഭിക്കുമെന്നു ഞാൻ ഉറപ്പാക്കും. കാവിയണിഞ്ഞ ബിജെപി പ്രവർത്തകർ ദുർബലരാണെന്ന് കരുതരുത്.’ – രേണുക സിങ് ഉദ്യോഗസ്ഥരോടു പറയുന്നു. ഇതിനു പിന്നാലെയാണ് ആളുകളെ എങ്ങനെ മുറിയിൽ പൂട്ടിയിട്ട് ബെൽറ്റിന് അടിക്കുന്നതെന്നും തനിക്ക് അറിയാമെന്നു മന്ത്രി പറഞ്ഞത്.

നേരത്തേ ഡൽഹിയിൽ നിന്നെത്തിയ ദിലീപ് ഗുപ്ത എന്നയാൾ ബൽറംപുരിലെ ക്വാറന്റീൻ കേന്ദ്രത്തിന്റെ യോചനീയാവസ്ഥയെക്കുറിച്ചും മോശം ഭക്ഷണത്തെക്കുറിച്ചും പ്രതികരിച്ചു സമൂഹമാധ്യമത്തിൽ വിഡിയോ ഇട്ടിരുന്നു. വിഡിയോ ഇട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥനും തഹസിൽദാറും തന്നെ മർദ്ദിച്ചതായി ദിലീപ് ഗുപത് ആരോപിച്ചു.

ഇതിനെ തുടർന്നാണ് ഛത്തീസ്ഗഡിൽ നിന്നുള്ള എംപിയായ രേണുക സിങ് സ്ഥലം സന്ദർശിച്ചത്. ദിലീപ് ഗുപ്തയുമായും മന്ത്രി സംസാരിച്ചു. ഇതിനു തൊട്ടുപുറകെയാണ് രേണുക ഉദ്യോഗസ്ഥരോടു കയർത്തതെന്നാണു വിവരം. ഉദ്യോഗസ്ഥരുടെ മർദ്ദനത്തെ തുടർന്നു ദിലീപ് ഗുപ്തയ്ക്ക് പറ്റിയ പരുക്കിന്റെ ഉൾപ്പെടെ ചിത്രങ്ങൾ രേണുക സിങ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

English Summary: Will Thrash With Belt: Union Min Threatens Chhattisgarh Officials