https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/mumbai-covid-popy.jpg

മുംബൈയില്‍ മരണം ആയിരം കടന്നു; തമിഴ്നാട്ടിൽ 805 പേര്‍ക്ക് കൂടി കോവിഡ്

by

മുംബൈ/ന്യൂഡൽഹി ∙ മുംബൈയിൽ കോവിഡ് മരണം ആയിരം കടന്നു. തിങ്കളാഴ്ച 38 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1028 ആയി. പുണെയിൽ 459 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഒരു ദിവസത്തെ എറ്റവും വലിയ കണക്കാണിത്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2436 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഇതുവരെ 52,667 പേരാണ് രോഗബാധിതരായത്.

തമിഴ്നാട്ടില്‍ തിങ്കളാഴ്ച ഏഴു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ചെന്നൈയില്‍ ആറുപേരും ചെങ്കല്‍പേട്ട് ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 118 ആയി ഉയര്‍ന്നു. 805 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17,082 ആയി ഉയര്‍ന്നു. ചെന്നൈ നഗരത്തില്‍ മാത്രം 549 പേര്‍ക്ക് രോഗം ബാധിച്ചു. ഇവിടെ ആകെ രോഗികൾ 11,131.

രാജ്യത്ത് കോവിഡ് മരണം നാലായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 4021 പേരാണ് മരിച്ചതെങ്കിലും സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം രാജ്യത്തെ ആകെ മരണം 4078 ആയി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,41,794 പേർക്ക്. ഇതിൽ 78,000 പേരാണ് ചികിത്സയിലുള്ളത്. 59,689 പേർ രോഗമുക്തരായി.

ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുമ്പോൾ ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റിപ്പോർട്ടു ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. ഇവിടങ്ങളിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് കൂടിയതാണ് കേസുകളുടെ എണ്ണം കൂടാൻ കാരണം.

English Summary: Covid Cases in India Update