https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/film-set-george-kurian-bjp.jpg
സിനിമാ സെറ്റ് പൊളിക്കുന്ന ബജ്‌റംഗ്‌ദൾ പ്രവർത്തകർ, ബിജെപി നേതാവ് ജോർജ് കുര്യൻ

സിനിമ സെറ്റ് പൊളിച്ചതിനു പിന്നിൽ സർക്കാര്‍ ഒത്താശ; നാടകം വ്യക്തം: ബിജെപി നേതാവ്

by

കൊച്ചി∙ ആലുവ മണപ്പുറത്ത് ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ചിത്രീകരണത്തിനു തയാറാക്കിയ സെറ്റ് പൊളിച്ച സംഭവത്തിനു സർക്കാരിന്റെ ഒത്താശ ഉണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേർക്ക് ഇതു ചെയ്യാൻ സാധിക്കില്ല. പൊളിച്ചതിനു ശേഷം അവർ തന്നെ ഫോട്ടോയെടുത്ത് അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു, മാധ്യമങ്ങളിൽ വലിയ വാർത്ത വരുന്നു, മുഖ്യമന്ത്രിതന്നെ പ്രതികരിക്കുന്നു അതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നു. ഇതിനു പിന്നിലെ നാടകം വ്യക്തമാണ്.

ഈ സംഘടന സർക്കാരിന്റെയും സിപിഎമ്മിന്റെയും ചട്ടുകമാണെന്ന് എല്ലാവർക്കും അറിയാം. ഇടയ്ക്കിടക്ക് ഇവർ ഇത്തരം ചില പ്രവർത്തികൾ ചെയ്യുന്നുണ്ടെങ്കിലും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല. വെറും പ്രസ്താവനകൾ മാത്രം നടത്തുന്നു. ഇതിനു മുൻപ് ഇവരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നടപടികളിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.

സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ സർക്കാരിന്റെ മതേതരത്വ മുഖംമൂടിക്കു മാറ്റു കൂട്ടാൻ വേണ്ടിയുള്ള ഒരു ഒത്തുകളിയാണിത്. കോവിഡിനെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താമെന്ന പിആർ ഏജൻസികളുടെ ഉപദേശപ്രകാരമായിരിക്കും ഇങ്ങനെയൊരു നാടകം സർക്കാരും സിപിഎമ്മും കളിക്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. ഇതിൽ നിന്നു വർഗീയ മുതലെടുപ്പ് നടത്താമെന്ന സിപിഎമ്മിന്റെ ആഗ്രഹം അസ്ഥാനത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Attack Against Minnal Murali Film Set: George Kurian Slams Government