https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2020/4/26/Kerala-police-jeep-image.jpg

അറസ്റ്റിലായവരെ പൊലീസ് സ്റ്റേഷനിലെത്തിക്കേണ്ട; പ്രത്യേക കേന്ദ്രങ്ങള്‍ വേണം

by

തിരുവനന്തപുരം∙ കണ്ണൂരും തിരുവനന്തപുരത്തും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല.

ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷനല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെന്‍ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും ചേര്‍ന്നു കണ്ടെത്തണം. കെട്ടിടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഡിവൈഎസ്പിയുടെ ഓഫിസ് ഇതിനായി ഉപയോഗിക്കും. ഡിവൈഎസ്പിക്ക് അടുത്ത പൊലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

അറസ്റ്റിനുശേഷമുള്ള വൈദ്യപരിശോധനയ്ക്കുശേഷം കുറ്റവാളിയെ ഈ കേന്ദ്രത്തിലേക്കാണ് ഇനിമുതല്‍ കൊണ്ടുവരിക. പരമാവധി കുറച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ ഈ നടപടികളില്‍ പങ്കാളികളാകൂ. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു ജനറല്‍ ഡയറി സൂക്ഷിക്കും. ഒരു സബ് ഇന്‍സ്പെക്ടറെയും നിയോഗിക്കും. 

കുറ്റവാളിക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഈ കേന്ദ്രത്തിലെ എസ്ഐയ്ക്കും അറസ്റ്റിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കും മാത്രമേ നിരീക്ഷണത്തില്‍ പോകേണ്ടിവരൂ. അറസ്റ്റ് ചെയ്യുമ്പോള്‍ കുറ്റവാളികളെ സ്പര്‍ശിക്കുന്നതു പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

English Summary: Covid Precaution At Kerala Police