
അഞ്‌ജന ലൈംഗീക പീഡനത്തിനിരയായി, മൃതദേഹത്തിൽ പോറലുകൾ; ബന്ധുക്കൾ പൊലീസിൽ പരാതി നൽകി
by വെബ് ഡെസ്ക്കാഞ്ഞങ്ങാട് > ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് സ്വദേശിനിയും തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനിയുമായ അഞ്ജന കെ ഹരീഷിനെ (21)യാണ് ഗോവയിലെ താമസസ്ഥലത്തിനടുത്ത് കഴിഞ്ഞ 13ന് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ച നിലയിൽ കണ്ടത്.
യുവതിയെ ലൈംഗികമായി ഉപയോഗിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. രാസപരിശോധനയിലൂടെയും കുറ്റമറ്റ അന്വേഷണത്തിലൂടെയും മാത്രമേ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകൂവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് മൃതദേഹത്തിലെ പോറലുകൾ.
താമസസ്ഥലത്തുനിന്ന് പത്തുമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്. ഒരു ആണ്‍സുഹൃത്തടക്കം മൂന്നു പേരോടൊപ്പം ഒരു മുറിയിലാണ് ഗോവയിൽ അഞ്ജന താമസിച്ചിരുന്നത്. മരിച്ചതിന്റെ തലേ ദിവസം കൂട്ടുകാരിയുടെ ഫോണില്‍നിന്ന് അഞ്ജന അമ്മയെ വിളിച്ച് തനിക്ക് തെറ്റുപറ്റിയെന്നും വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി കെ സുധാകരന്‍ അഞ്ജനയുടെ കുടുംബം താമസിക്കുന്ന പുതുക്കൈയിലെ വാടകവീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.