സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

by
https://www.mathrubhumi.com/polopoly_fs/1.4489272.1580409853!/image/image.jpg_gen/derivatives/landscape_894_577/image.jpg
representative image

കോഴിക്കോട്/ കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(63)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ആസിയയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി. പക്ഷാഘാതം,ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ആസിയയ്ക്കുണ്ടായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്നുള്ള അതീവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 17-ാം തിയതി വരെ ആസിയ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരുപതാം തിയതിയാണ് ആസിയ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുമ്പോള്‍ വൈറല്‍ ന്യൂമോണിയ കൂടി ഇവര്‍ക്കുണ്ടായിരുന്നു.

ലഭിക്കുന്ന വിവരം അനുസരിച്ച് ആസിയയുടെ ഭര്‍ത്താവ് കോവിഡ് ബാധിതനായിരുന്നു. ഇദ്ദേഹത്തില്‍നിന്നാണ്‌ ആസിയയിലേക്ക് രോഗം പകര്‍ന്നത്. ലക്ഷണങ്ങള്‍ ആദ്യം പ്രകടമായത് ആസിയയിലായിരുന്നു. ആസിയയ്ക്ക് രോഗം സ്ഥിരീകരിച്ച് മൂന്നാമത്തെ ദിവസമാണ് ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടുമക്കള്‍ക്കും ഒരു കൊച്ചുമകനും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഉള്‍പ്പെടെ ആസിയയുടെ കുടുംബത്തില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആസിയയുടെ ഭര്‍ത്താവ് മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളാണ്. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഇദ്ദേഹത്തില്‍നിന്നാണ് ആസിയയിലേക്കും മറ്റ് കുടുംബാംഗങ്ങളിലേക്കും പടര്‍ന്നതെന്നാണ് വിവരം. മറ്റു കുടുംബാംഗങ്ങള്‍ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണ്.

content highlights:one more covid-19 death in kerala