https://assets.doolnews.com/2020/05/parvesh-399x227.jpg

'രാഹുലും പ്രിയങ്കയും സോണിയയും വൈറസുകള്‍, മൂന്നുപേരെയും കൊവിഡ് കഴിയുന്നവരെ ക്വാറന്റീനിലാക്കണം'; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി

by

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി വര്‍വേഷ് വെര്‍മ. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വൈറസ് ആണ് എന്നാണ് പര്‍വേഷ് വെര്‍മ പറഞ്ഞത്.

കൊവിഡ് മാഹാമാരി അവസാനിക്കുന്നത് വരെ ഇവരെ ക്വാറന്റീനിലാക്കണമെന്നും പര്‍വേഷ് പറഞ്ഞു.

50 വര്‍ഷം രാജ്യം ഭരിച്ച നെഹ്‌റു കുടുംബം ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തില്‍ ആളുകളെ പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുകയാണെന്നും പര്‍വേഷ് പറഞ്ഞതായി എ.എന്‍.ഐ പറഞ്ഞു.

‘രാജ്യം ഇപ്പോള്‍ ഒരു അടിയന്തര ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ 50 വര്‍ഷം രാജ്യം ഭരിച്ച ഒരു കുടുംബമുണ്ടിവിടെ. ഇപ്പോള്‍ രാജ്യത്ത് പരിഭ്രാന്ത്രി സൃഷ്ടിക്കുകയാണവര്‍,’ പര്‍വേഷ് പറഞ്ഞു.

രാഹുലും സോണിയയും പ്രിയങ്കയും ആളുകളെ വഴിതെറ്റിക്കുകയാണെന്നും അതുകൊണ്ട് കൊവിഡ് കഴിയുന്നതു വരെ അവരെ ക്വാറന്റീനിലാക്കണമെന്നുമാണ് പര്‍വേഷ് പറഞ്ഞത്.

‘അവര്‍ ആളുകളെ വഴിതെറ്റിക്കുകയും ആളുകളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍, കൊറോണ എന്ന മഹാമാരി അവസാനിക്കുന്നതുവരെ ഇവരെ മൂന്നുപേരെയും ക്വാറന്റീനിലാക്കണം,’ പര്‍വേഷ് പറഞ്ഞു.

മുമ്പും വിവാദ പരാമര്‍ശവുമായി പര്‍വേഷ് വെര്‍മ രംഗത്തെത്തിയിട്ടുണ്ട്. ഷാഹീന്‍ബാഗ് സമരത്തില്‍ പങ്കെടുക്കുന്നവരുടെ വീടുകളില്‍ പോയി അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാല്‍ത്സംഗം ചെയ്ത് കൊല്ലണമെന്നും മുമ്പ് പര്‍വേഷ് വെര്‍മ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെയും നയങ്ങളെയും ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് യാതൊരു ആസൂത്രണവും കൂടാതെയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് മുന്‍ കൈയ്യെടുക്കാമെന്ന് പ്രിയങ്കാ ഗാന്ധിയും അതിഥി തൊഴിലാളികളുമായി നേരിട്ട് ഇടപഴകി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക