‘പുള്ളിത്തലക്കെട്ട്’–കരിമൂർഖന്‍ കടിച്ച് ഉത്ര മരിച്ചതിനു പിന്നില്‍ ഷെർലക് ഹോംസ് ബന്ധം
by https://www.facebook.com/manoramaonlineകൊല്ലം∙ മൂർഖൻ പാമ്പിനെകൊണ്ട് ഉത്രയെ കടിപ്പിച്ചു കൊല്ലാൻ ഭർത്താവ് സൂരജ് പദ്ധതിയിട്ടത് പുസ്തകത്തിൽനിന്നും ടിവിയിൽനിന്നും ഇന്റർനെറ്റിൽനിന്നും ലഭിച്ച അറിവുകളുടെ കൂടി അടിസ്ഥാനത്തിൽ. കുറ്റകൃത്യത്തിന് ഷെർലക്ഹോംസിന്റെ കഥയെ വരെ കൂട്ടുപിടിച്ച കൊലയാളിയെ കുടുക്കിയത് കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ തന്ത്രപൂർവമായ നീക്കത്തിലാണ്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ് ഉത്രയെ കൊല്ലാൻ തീരുമാനിച്ചതെന്നും പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചതായും പ്രതി പൊലീസിനോടു വെളിപ്പെടുത്തി. ഈ മാസം ഏഴിനാണു സ്വന്തം വീട്ടിൽവച്ച് ഉത്രയ്ക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവച്ചും ഉത്രയ്ക്കു പാമ്പിന്റെ കടിയേറ്റിരുന്നു. കടിയേൽക്കുമ്പോൾ രണ്ടു തവണയും സൂരജ് ഉത്രയുടെ അടുത്തുണ്ടായിരുന്നു. സ്വത്തിനുവേണ്ടിയാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് സൂരജ് പൊലീസിനോടു പറഞ്ഞത്.
സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്ഹോംസ് കഥകളിലെ ‘പുള്ളിത്തലക്കെട്ട്’ എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതക രീതിയാണ് സൂരജ് പരീക്ഷിച്ചതെന്നു പൊലീസ് പറയുന്നു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മോറാനിലെ കുടുംബമായ റോയ്‌ലോട്ടിലെ പെൺകുട്ടിയുടെ മരണമാണ് ഈ ഹോംസ് കഥയുടെ ഇതിവൃത്തം. വിവാഹത്തിനു ദിവസങ്ങൾക്കു മുൻപു കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ മൂത്തയാളായ ജൂലിയ കൊല്ലപ്പെടുന്നു. മരിക്കുന്നതിനു മുൻപു മുറിയിൽ ചൂളം വിളികേട്ടതായി സഹോദരിയോടു വെളിപ്പെടുത്തിയ ജൂലിയ ‘പുള്ളിത്തലക്കെട്ട്’ എന്നു പറഞ്ഞുകൊണ്ടാണ് മരിക്കുന്നത്.
വർഷങ്ങൾക്കുശേഷം ഇളയ പെൺകുട്ടി ഹെലൺസ്റ്റോണറുടെ വിവാഹത്തിനു ദിവസങ്ങൾക്കു മുൻപു മുറിയിൽ ചൂളംവിളി ശബ്ദം കേൾക്കുന്നു. സഹോദരിയുടെ മരണം ഓർമയുള്ളതിനാൽ ഷെർലക്ഹോംസിന്റെ സഹായം തേടുന്നു. കേസ് അന്വേഷിക്കുന്ന ഹോംസ് പെൺകുട്ടികളുടെ പിതാവിനെയാണു കുറ്റവാളിയായി കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞാൽ വലിയ തുക പെൺകുട്ടികൾക്കു കൊടുക്കുന്നത് ഒഴിവാക്കാനാണ് രണ്ടാനച്ഛൻ ഇത്തരത്തിൽ കൊലപാതകം ആസൂത്രണം ചെയ്തത്.
അടുത്തുള്ള മുറിയിൽനിന്ന് വെന്റിലേറ്ററിന്റെ വിടവിലൂടെ ഒരു നാടയിൽ അണലിയെ പെൺകുട്ടികൾ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു രണ്ടാനച്ഛനായ ഡോ.റെയ്ലോട്ടിന്റെ രീതി. ഹോംസിന്റെ ഇടപെടലിലൂടെ രണ്ടാമത്തെ പെൺകുട്ടി പാമ്പുകടിയിൽനിന്നു രക്ഷപ്പെടുകയും രണ്ടാനച്ഛൻ പാമ്പിന്റെ കടിയേറ്റുമരിക്കുകയും ചെയ്യുന്നിടത്തു കഥ അവസാനിക്കുന്നു.
ഉത്രയുടെ സ്വത്തും ആഭരണങ്ങളും തട്ടിയെടുക്കാനാണ് സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഉത്രയെ കൊല്ലാൻ കുപ്പിയിലാണു പാമ്പിനെ സൂരജ് സൂക്ഷിച്ചത്. ഉത്ര ഉറങ്ങിയപ്പോൾ പാമ്പിനെ കുപ്പിയിൽനിന്ന് തുറന്നുവിട്ടു. സംശയം തോന്നാതിരിക്കാന്‍ മുറിയുടെ ജനലുകൾ തുറന്നിട്ടു. പാമ്പ് പുറത്തുനിന്നു ജനലിലൂടെ വന്നതാകാമെന്ന് സൂരജ് വാദിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ കള്ളം വ്യക്തമായി.
ഷെർലക് ഹോംസ് കഥയിൽ ഇന്ത്യയിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്ത് ഒരു കൊലപാതക കേസിൽ പിടിയിലായ ശേഷം ഇംഗ്ലണ്ടിൽ എത്തുന്ന ഡോ. ഗ്രിംസ്ബി റോയ്‌ലോട്ട് നാടോടികളിൽനിന്നാണ് പാമ്പിനെ വാങ്ങുന്നത്. സൂരജാകട്ടെ കൊല്ലത്തെ പാമ്പുപിടുത്തക്കാരനിൽനിന്നും.
English Summary: Uthra murder case, relation with Sherlock Holmes stories