https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/india-covid-19-1-popy.jpg

ജൂണില്‍ ഏറ്റവും ഗുരുതരമാകും; കോവിഡ് കൈവിടുന്നതില്‍ ആശങ്കയും മുന്നറിയിപ്പും

by

ന്യൂഡല്‍ഹി ∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുമ്പോള്‍ ഏപ്രില്‍, മേയ് മാസങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരിക്കും ജൂണിലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു വിലയിരുത്തല്‍. രണ്ടു മാസമായി തുടരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയും പ്രവാസികളുടെയും അതിഥിതൊഴിലാളികളുടെയും മടക്കം ഊര്‍ജിതമായതോടെയുമാണു രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്.

പരിശോധനയുടെ എണ്ണം വര്‍ധിച്ചതും വ്യവസായിക പ്രവര്‍ത്തനങ്ങള്‍ കൂടിയതും രോഗികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് ബിഹാറിലെ കെയര്‍ ഇന്ത്യ ടീം ലീ‍ഡും പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ തന്മയി മഹാപത്ര പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം പുലര്‍ത്തുന്നതിനു പുറമേ റാൻഡം ടെസ്റ്റിങ് വര്‍ധിപ്പിച്ച് ലക്ഷണങ്ങളില്ലാത്ത രോഗവ്യാപനം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളു. ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ജൂണിലായിരിക്കും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുക. ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയായിരിക്കുമെന്നും മഹാപത്ര പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതിനു പിന്നാലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന അവസ്ഥയുണ്ടായിരുന്നു. ഇറാനില്‍ മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍. ഏപ്രിലില്‍ ഏറെപ്പേര്‍ക്കു രോഗം ഭേദമായതോടെ എണ്ണം കുറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി വിവിധ മേഖലകള്‍ തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. തൊട്ടടുത്ത മാസമാണ് ഇതു കൃത്യമായി പ്രതിഫലിച്ചത്. ഏപ്രിലില്‍ പ്രതിദിനം ആയിരത്തിലേറെ കേസുകള്‍ എന്നത് മേയ് ആയതോടെ ഇരട്ടിയായി. ഇപ്പോള്‍ രണ്ടാം കോവിഡ് തരംഗമാണ് ഇറാനില്‍. ചില യൂറോപ്യന്‍ രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു പിന്നാലെ സമാനമായ സാഹചര്യമാണ് ഉണ്ടായത്. ചൈനയിലും ദക്ഷിണ കൊറിയയിലും ഇളവുകള്‍ക്കു പിന്നാലെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

English Summary: 'June to be Worse': Why Covid-19 Cases in India are Expected to Rise in the Next Few Days