മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 52000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 2436 പേര്‍ക്ക് രോഗം
സംസ്ഥാനത്തെ ആകെ മരണം 1,695 ആയി ഉയര്‍ന്നു.
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52,667 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,436 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച മാത്രം 60 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1,695 ആയി ഉയര്‍ന്നു. ഇതില്‍ 1,026 മരണവും മുംബൈയിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 38 മരണവും 1,430 കേസുകളും മുംബൈയില്‍ നിന്നാണ്. ഇതോടെ മുംബൈയില്‍ മാത്രമുള്ള രോഗികളുടെ എണ്ണം 31,789 ആയതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
കോവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ മുംബൈ ധാരാവിയില്‍ പുതുതായി 42 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 1,583 പേര്‍ക്കാണ് ധാരാവിയില്‍ രോഗം പിടിപെട്ടത്. 15,786 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗംഭേദമായത്. ഇന്ന് മാത്രം 1,186 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു.
അതേസമയം രാജ്യത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 1.38 ലക്ഷം കടന്നു. മരണസംഖ്യ 4000 പിന്നിട്ടു. 24 മണിക്കൂറിനുള്ളില്‍ മാത്രം 6977 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 154 പേര്‍ മരണപ്പെടുകയും ചെയ്തു.
content highlights: covid 19, corona virus, covid case in maharashtra