കാലിലെ റിങ്ങില്‍ ഫോണ്‍ നമ്പര്‍: കശ്മീരില്‍ കണ്ടെത്തിയ പ്രാവിനെ ബിഎസ്എഫിന് കൈമാറി
'ചാരവൃത്തിക്കായി ഉപയോഗിച്ച പ്രാവാണെന്ന് പറയാന്‍ സാധിക്കില്ല. പാകിസ്താനിലെ പഞ്ചാബില്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി പ്രാവിന്റെ കാലില്‍ നമ്പറുകള്‍ കെട്ടിവെക്കാറുണ്ട്.'- കത്വ എസ് പി
ശ്രീനഗര്‍: കശ്മീരിലെ കത്വ ജില്ലയില്‍ കണ്ടെത്തിയ പ്രാവിന്റെ കാലിലെ ലോഹ വളയത്തില്‍ സംശയകരമായ ഫോണ്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടമ്മ അതിനെ അതിര്‍ത്തിരക്ഷാ സേനയ്ക്ക് കൈമാറി. കത്വയിലെ ഹീരാനഗര്‍ സെക്ടറിലാണ് പ്രാവിനെ കണ്ടെത്തിയത്. കാലില്‍ പിങ്ക് നിറത്തിലുള്ള തുണിക്കഷണം തുന്നിച്ചേര്‍ത്തിരുന്നു. ഒപ്പം ലോഹ വളയവും ഉണ്ടായിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ഞായറാഴ്ച വൈകുന്നരം ഏഴ് മണിയോടെ ചത്വാല്‍ പ്രദേശത്തുള്ള ഗീതാദേവി എന്ന സ്ത്രീയുടെ വീട്ടിലേക്കാണ് പ്രാവ് പറന്നെത്തിയത്. അതിനെ പിടികൂടിയ വീട്ടമ്മയാണ് ഒരുകാലില്‍ റിങ് കണ്ടത്. അതിലെ ഫോണ്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം ബിഎസ്എഫിനെ അറിയിച്ചു. ചാരവൃത്തിക്ക് ഉപയോഗിക്കുന്ന പ്രാവാണോ ഇതെന്ന് സംശയിച്ചാണ് വീട്ടമ്മ അതിനെ ബിഎസ്എഫിന് കൈമാറിയത്.
അതേസമയം ഇതുവരെ പ്രാവുമായി ബന്ധപ്പെട്ട് അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രത്യേക ഡിവിഷന്‍ അതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. 'ചാരവൃത്തിക്കായി ഉപയോഗിച്ച പ്രാവാണെന്ന് പറയാന്‍ സാധിക്കില്ല. ഗ്രാമത്തിലുള്ളവര്‍ കാലില്‍ റിങോടുകൂടി പ്രാവിനെ കാണുകയായിരുന്നു. ചിലര്‍ അത് കോഡ് ചെയ്ത സന്ദേശമാണെന്നാണ് പറയുന്നത്. പാകിസ്താനിലെ പഞ്ചാബില്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി പ്രാവിന്റെ കാലില്‍ നമ്പറുകള്‍ കെട്ടിവെക്കാറുണ്ട്.'- കത്വ എസ് പി ശൈലേന്ദ്ര മിശ്ര പറഞ്ഞു.
Content Highlights: bsf caught Pigeon with tag from kathua suspected pak spy