സംസ്ഥാനങ്ങള്‍ക്ക് താത്പര്യക്കുറവ്; ആദ്യദിവസം 630 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു

https://www.mathrubhumi.com/polopoly_fs/1.4783014.1590423040!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: രണ്ടു മാസത്തെ അടച്ചിടലിനു ശേഷം ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിച്ചെങ്കിലും ആദ്യ ദിവസം റദ്ദാക്കിയത് 630 സര്‍വീസുകള്‍. എയര്‍പോര്‍ട്ടുകള്‍ തുറക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങള്‍ താല്‍പര്യം കാട്ടാതിരുന്നതാണ് ഇത്രയും സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഒരു സര്‍വീസ് പോലും നടത്താനായില്ല. മുംബൈ, ചെന്നൈ, ഹൈദരാബാദ് എയര്‍പോര്‍ട്ടുകളില്‍നിന്ന് ഏതാനും സര്‍വീസുകള്‍ മാത്രമാണ് നടത്താനായത്. ഇതുമൂലം തിങ്കളാഴ്ചത്തേയ്ക്ക് ഷഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന സര്‍വീസുകളില്‍ 630 എണ്ണം റദ്ദാക്കേണ്ടതായി വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് തുറക്കാന്‍ സംസ്ഥാനങ്ങള്‍ താല്‍പര്യം കാണിക്കാതിരുന്നതാണ് ഇതിന് ഇടയാക്കിയതെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു.

ഡല്‍ഹിയില്‍നിന്നും ഡല്‍ഹിയിലേയ്ക്കുമുള്ള 82 വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തി മടങ്ങിപ്പോയത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സാഹചര്യമുണ്ടായി. 

വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അവസാന നിമിഷംവരെ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും വിമാനങ്ങള്‍ റദ്ദാക്കിയ വിവരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും യാത്രക്കാര്‍ പറയുന്നു. ഇത് നിരവധി വിമാനത്താവളങ്ങളില്‍ അനിശ്ചിതാവസ്ഥയ്ക്കിടയാക്കിയിരുന്നു.

532 ആഭ്യന്തര വിമാന സര്‍വീസുകളാണ് തിങ്കളാഴ്ച നടന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 39,231 പേര്‍ തിങ്കളാഴ്ച യാത്രചെയ്തു. ചൊവ്വാഴ്ച മുതല്‍ ആന്ധ്രാപ്രദേശ് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. മേയ് 28 മുതല്‍ പശ്ചിമബംഗാളും വിമാനസര്‍വീസുകള്‍ ആരംഭിക്കും. ഇതോടെ വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം തിങ്കളാഴ്ച 1,100 ആഭ്യന്തര സര്‍വീസുകള്‍ക്കാണ് ബുക്കിങ് സ്വീകരിച്ചിരുന്നത്. കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു.

Content Highlights: Restrictions By States Led To 630 Flight Cancellations Today: Report