ക്വാറന്റീന്‍ ലംഘിച്ച് സദാനന്ദ ഗൗഡ; കേന്ദ്രമന്ത്രിക്ക് ഇളവുണ്ടെന്ന് വാദം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398351/sadananda.jpg

ബംഗളുരു: കര്‍ണാടക സര്‍ക്കാരിന്റെ ക്വാറന്റീന്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. ഡല്‍ഹിയില്‍ നിന്ന് ബംഗളുരുരില്‍ എത്തിയ മന്ത്രി നിരീക്ഷണത്തില്‍ പോയില്ല. കേന്ദ്രമന്ത്രിയായതിനാല്‍ തനിക്ക് ഇളവുണ്ടെന്നാണ് മന്ത്രിയുടെ വാദം. ഡല്‍ഹി ഉള്‍പ്പെടെ ആറ് തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകത്തില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തിലും ബാക്കി ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തില്‍ കഴിയണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം.

എന്നാല്‍ ബംഗളുരുവില്‍ വിമാനമിറങ്ങിയ മന്ത്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാന്‍ തയ്യാറായില്ല. നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതെ മന്ത്രി വീട്ടിലേക്ക് പോകുകയും ഓഫീസില്‍ സജീവമാകുകയും ചെയ്തു. സംഭവം വിവാദമായതോടെ കേന്ദ്രമന്ത്രിയായതിനാല്‍ തനിക്ക് ഇളവുണ്ടെന്നാണ് മന്ത്രിയുടെ വാദം. മരുന്ന് നിര്‍മ്മാണ വകുപ്പിന്റെ ചുമതലയുള്ളതിനാല്‍ തനിക്ക് മാറിനില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വിമാനത്തിലാണ് വന്നതെന്നും ആരോഗ്യ സേതു ആപ്പ് ഉണ്ടായിരുന്നതിനാല്‍ നിരീക്ഷണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ഒരു സ്റ്റാഫംഗം പറഞ്ഞു. എന്നാല്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണം ഒഴിവാകുമെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.