"മിന്നൽ മുരളി' സെറ്റ് തകർത്ത സംഭവം; ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് മലയാറ്റൂർ രതീഷ് പിടിയിൽ
by വെബ് ഡെസ്ക്കാലടി > കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്ത സംഭവത്തിൽ രാഷ്ട്രീയ ബജ്‌രംഗ്‌ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷ് (മലയാറ്റൂർ രതീഷ്) അറസ്റ്റില്‍. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണസംഘം ചോദ്യം ചെയ്‌തുവരികയാണ്.
രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്‌തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ് രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്.
സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്‌കയും ആലുവ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. കാലവര്‍ഷത്തിനു മുമ്പ് ഷൂട്ട് തീര്‍ത്ത് പുഴയോരത്ത് നിര്‍മ്മിച്ച പളളിയുടെ മാതൃകയിലുള്ള സെറ്റ് പൊളിച്ചു നീക്കണമെന്ന തീരുമാനത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. അതിനിടയിലാണ് അക്രമം നടന്നത്. ബേസില്‍ ജോസഫാണ് ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.