കോവിഡ് വ്യാപനം: ഹിമാചല്‍ പ്രദേശില്‍ രണ്ട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടാനുള്ള അനുമതി ഹിമാചല്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയതിന് പിന്നാലെയാണ് രണ്ട് ജില്ലകള്‍ ലോക്ക്ഡൗണ്‍ നീട്ടിയത്

https://www.mathrubhumi.com/polopoly_fs/1.4717873.1587849115!/image/image.jpg_gen/derivatives/landscape_894_577/image.jpg
representative image

ഷിംല: കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍, സോളന്‍ എന്നീ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടാനുള്ള അനുമതി ഹിമാചല്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രണ്ട് ജില്ലകള്‍ ലോക്ക്ഡൗണ്‍ ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. 

സ്ഥിതിഗതികള്‍ വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക അതത് ജില്ലാ ഭരണകൂടങ്ങളാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 214 പേര്‍ക്കാണ് ഹിമാചലില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലിലൊന്ന് രോഗികളും ഹമിര്‍പുര്‍ ജില്ലയിലാണ്. 63 പേര്‍ക്ക് ഹമിര്‍പുരില്‍ ഇതുവരെ രോഗം പിടിപെട്ടു. സോളനില്‍ 21 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. 

നിലവില്‍ ഹിമാചല്‍ പ്രദേശില്‍ 63 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. അഞ്ച് പേര്‍ ഇതുവരെ മരിച്ചു. കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ നീട്ടാനുള്ള അനുമതി ഹിമാചല്‍ സര്‍ക്കാര്‍ നല്‍കിയത്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗണ്‍ മേയ് 31നാണ് അവസാനിക്കുക.

content highlights: Lockdown Extended In 2 Districts Of Himachal Pradesh Till June 30