https://assets.doolnews.com/2020/05/malayatoor-rathesh-399x227.jpg

സിനിമാ സെറ്റിലെ ക്രിസ്ത്യന്‍ പള്ളി പൊളിച്ച സംഭവം; മുഖ്യപ്രതിയായ രാഷ്ട്രീയ ബജ്‌റംഗദള്‍ നേതാവ് രതീഷ് അറസ്റ്റില്‍

by

കൊച്ചി: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ക്രിസ്ത്യന്‍ പള്ളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയായ രാഷ്ട്രീയ ബജ്റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ ആണ് അറസ്റ്റിലായത്. അങ്കമാലിയില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്.

കേസിലെ പ്രതികളായ മറ്റ് നാല് പേര്‍ക്കായുള്ള അന്വേഷണം തുടരുന്നുണ്ട്. രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചതെന്ന് എ.എച്ച്.പി നേതാവ് പോസ്റ്റിട്ടിരുന്നു.

രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞിരുന്നു. മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പൊളിച്ചുകളഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.

ഒരു സിനിമാ സെറ്റിനോട് പോലും എന്തിനാണ് ഇത്രയ്ക്കും അസഹിഷ്ണുതയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. വ്യാപക പ്രതിഷേധം പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മിന്ന്ല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകരും സിനിമാരംഗത്തുള്ളവരുമൊക്കെ വിഷയത്തില്‍്പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പൊളിച്ചത്.കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.

ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

‘ക്ഷേത്രത്തിന് മുന്നില്‍ കെട്ടിയ പള്ളി ആണ് ഷൂട്ടിങ്ങിന് എന്നാണ് പറഞ്ഞത് .പൊളിച്ച് മാറ്റാന്‍ ഭാവം ഇല്ല.ആ ജോലി ഞങ്ങള്‍ ഏറ്റെടുത്തു.നിലനിര്‍ത്താന്‍ പണത്തിന്റെ ഓഫര്‍ വന്നിരുന്നു.ഞങ്ങള്‍ക്ക് തല്‍ക്കാലം പണത്തിന്റെ ആവശൃം ഇല്ല’ എന്നാണ് ഹരി പാലോട് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.

പൊളിക്കുകയല്ലായിരുന്നു വേണ്ടതെന്നും തീയിടുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍,ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികള്‍ നല്‍കിയിരുന്നു.യാചിച്ച് ശീലം ഇല്ല.ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും,മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍.മഹാദേവന്‍ അനുഗ്രഹിക്കട്ടെ’ എന്നാണ് ഹരിയുടെ പോസ്റ്റ്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്.

ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.

കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക