'ചെന്നിത്തലയുടെ വാക്കുകള്‍ സ്വാഗതാര്‍ഹം, പക്ഷെ കരാര്‍ സമയബന്ധിതമായി നടപ്പാക്കണം'; മുന്നണിമാറ്റ ആശങ്കകളെ തള്ളി പി.ജെ ജോസഫ്
by ന്യൂസ് ഡെസ്ക്തൊടുപുഴ: മുന്നണിമാറ്റ സാധ്യതകളെ തള്ളി പി.ജെ ജോസഫ്. മുന്നണി മാറ്റത്തെ കുറിച്ച് നിലവില്‍ ആശങ്ക വേണ്ടെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് നേരത്തെ ധാരണയായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും പി. ജെ ജോസഫ് പറഞ്ഞു.
കരാര്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ ഈ ധാരണ പാലിക്കാന്‍ യു.ഡി.എഫ് തയ്യാറാകാതിരുന്നത് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.
ധാരണ നടപ്പിലാക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം പിന്നിട്ടിട്ടും ഇനിയും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതരുതെന്നാണ് ജോസഫ് വിഭാഗം നേരത്തെ പറഞ്ഞിരുന്നത്.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ജോസഫ് ലേഖനമെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ധാരണയായെന്ന് ചെന്നിത്തല വ്യക്തമാക്കിയത്.
ഇതോടെ ജോസഫ് വിഭാഗത്തിലെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും തള്ളിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക